കോഴിക്കോട്: സർക്കാരുകൾ കെെവിട്ടതോടെ നഷ്ടത്തിലായ കമ്പനികൾ നീര ഉത്പാദനം നിർത്തിയത് തിരിച്ചടിയായത് കേര കർഷകർക്ക്. തുടക്കത്തിൽ 5000 ലിറ്റർ വരെ നീര ഉത്പാദിപ്പിച്ചിരുന്ന സംസ്ഥാനത്തെ പല കമ്പനികളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. കോഴിക്കോട് ജില്ലയിൽ നാളികേര വികസന ബോർഡിന് കീഴിൽ ആരംഭിച്ച കുറ്റ്യാടി, വടകര, പേരാമ്പ്ര, കടത്തനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ നീര പ്ലാന്റുകൾ പൂർണമായും അടച്ചു.
കുറ്റ്യാടിയിൽ ജില്ലയിലെ ആദ്യ നീര പ്ലാന്റ് ആരംഭിച്ചപ്പോൾ 350 ഓളം ടെക്നീഷ്യൻമാർ ദിനംപ്രതി 2000 ലിറ്റർ വരെ നീര ഉത്പാദിപ്പിച്ചിരുന്നു. നീരയും അനുബന്ധ മൂല്യവർദ്ധിത ഉത്പന്നങ്ങളും നിർമിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി 6000 കർഷക ഗ്രൂപ്പുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.
എന്നാൽ പ്ലാന്റുകളിൽ ഉത്പാദനം കുറഞ്ഞതോടെ വിപണി കൈവിട്ടു. ഇതോടെ വലിയ കട ബാദ്ധ്യതയാണ് കർഷകർക്കും നീര ഉത്പാദക കമ്പനികൾക്കും ഉണ്ടായത്. പലയിടങ്ങളിൽ നിന്നായി കടം വാങ്ങിയ തുകയുടെ തിരിച്ചടവ് മുടങ്ങിയതോടെ പലരും ജപ്തി ഭീഷണിയിലാണ്. കടമെടുത്ത് വാങ്ങിയ കോടികൾ വില മതിക്കുന്ന ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്.
വിദഗ്ദ്ധരായ ടെക്നീഷ്യൻമാരുടെ അഭാവവും ആവശ്യക്കാർ കുറഞ്ഞതുമാണ് നീര ഉത്പാദനം പിന്നോട്ടടിക്കാൻ കാരണമായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ ആരംഭിച്ച സംരംഭം ഒടുവിൽ കൃഷി വകുപ്പിന് കീഴിൽ ഒതുങ്ങിയതും തിരിച്ചടിയായി. സഹകരണ മേഖലയ്ക്ക് കാര്യമായ പങ്കാളിത്തം ഇല്ലാതെ പോയതും ടൂറിസം രംഗത്ത് നേരിട്ട അവഗണനയും നീരയുടെ പതനത്തിന് വഴിയൊരുങ്ങുകയായിരുന്നു.
കേര കർഷകർക്ക് മെച്ചപ്പെട്ട വിലയും പുതിയ തൊഴിൽ സാദ്ധ്യതകളും നൽകുന്ന പദ്ധതിയെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് 2014ൽ കേരളത്തിൽ നീര ഉത്പാദനം തുടങ്ങിയത്. 50 ലക്ഷം രൂപ സർക്കാർ സബ്സിഡിയും ലഭിച്ചു. പിന്നീട് കാര്യമായ സാമ്പത്തിക സഹായമൊന്നും നൽകിയില്ല. ഇത് കർഷകർക്കും ഉത്പാദക കമ്പനികൾക്കും സാമ്പത്തിക ബാദ്ധ്യതയായതോടെ തുടങ്ങിയതിനേക്കാൾ വേഗത്തിൽ പദ്ധതി ഇല്ലാതാവുകയായിരുന്നു.
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നുൾപ്പെടെ വായ്പയെടുത്ത് 29 നാളികേര ഉത്പാദക കമ്പനികളാണ് (സി.പി.സി) സംസ്ഥാനത്ത് രൂപീകരിച്ചത്. നിലവിൽ എറണാകുളം, പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലെ 10 ൽ താഴെ കമ്പനികൾ മാത്രമാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. നീര ഉത്പാദന രംഗത്ത് സജീവമായിരുന്ന 12 കമ്പനികൾക്ക് 18 കോടി രൂപയുടെ ബാദ്ധ്യതയുണ്ട്.
@ വായ്പയിൽ കുടുങ്ങി കർഷകർ
സംസ്ഥാന സർക്കാർ നീര ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് കർഷകരുടെ ആരോപണം. നീരയ്ക്കായി എടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ വെളിച്ചെണ്ണ പ്ലാന്റ്, ചകിരി പ്ലാന്റ് പോലുള്ള സംരംഭങ്ങൾ തുടങ്ങാൻ വായ്പ ലഭിക്കാത്ത സ്ഥിതിയാണ്. നിലവിലെ വായ്പയുടെ പലിശ ഒഴിവാക്കുകയോ എഴുതിതള്ളുകയോ ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.
''സർക്കാരിന്റെ ഒരു ഇടപെടലും നീരയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല. വലിയ പ്രതീക്ഷയോടെ നീരയ്ക്ക് വിപണി കണ്ടെത്താൻ ഇറങ്ങിത്തിരിച്ചവർക്ക് പിൻമാറേണ്ട അവസ്ഥയാണ്. കർഷകർക്ക് ഉപകാരപ്പെടുന്ന രീതിയിൽ പദ്ധതി കാര്യക്ഷമമാക്കണം. കിഫ്ബി സഹായത്തോടെ ടെട്രാപാക്ക് യൂണിറ്റ് ഉടൻ സ്ഥാപിക്കണം. നാളികേര സംഭരണം കാര്യക്ഷമമാക്കണം ''പി.വിനോദ് കുമാർ , ചെയർമാൻ, നാളികേര ഉത്പാദന കമ്പിനി കൺസോർഷ്യം
''സർക്കാർ എത്രയും വേഗത്തിൽ നീര ഉത്പാദനം ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കണം. കടം കേറി ജപ്തി നടപടി നേരിടുന്ന അവസ്ഥയാണ്. നിലവിൽ ബാങ്ക് വായ്പ ഉള്ളതിനാൽ മറ്ര് സംരംഭങ്ങൾക്ക് വായ്പ കിട്ടുന്നില്ല.''- ബാബു മക്കത്ത്, ചെയർമാൻ, കുറ്റ്യാടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി.