
കോഴിക്കോട്: സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നതിന് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം ഫീസ് നൽകേണ്ടതില്ലെന്ന് വിവരാവകാശ കമ്മിഷൻ വ്യക്തമാക്കി. ഭൂസ്വത്ത് സംബന്ധിച്ച വിവരങ്ങൾ തിരക്കിയ ആളിൽ നിന്ന് സബ് രജിസ്ട്രാർ ഓഫീസ് 250 രൂപ ഈടാക്കിയതിനെതിരായ പരാതി തീർപ്പാക്കിയാണ് ഇക്കാര്യം അറിയിച്ചത്. ചേളന്നൂർ കുമാരസ്വാമി സ്വദേശി ഫസൽ മഹലിൽ കെ.പി. മമ്മദ് കോയയാണ് ചേളന്നൂർ സബ് രജിസ്ട്രാർക്കെതിരെ പരാതി നൽകിയത്.
2017ൽ മമ്മദ് കോയ ചേളന്നൂരിലെ വസ്തു കൈമാറ്റം ചെയ്യുന്നതിന് കോടതിയുടെ തടസ ഉത്തരവുണ്ടോ എന്നറിയാൻ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയിരുന്നു. ഇതിന് കേരള രജിസ്‌ട്രേഷൻ ആക്ട് പ്രകാരം 250 രൂപ ഫീസ് അടയ്ക്കണമെന്ന് ഓഫീസ് അധികൃതർ അറിയിച്ചു. തുടർന്ന് പണമടച്ചു. പിന്നീട് ഇദ്ദേഹം വിവരാവകാശ കമ്മിഷണർക്ക് പരാതി അയച്ചു. അഡിഷണൽ സെക്രട്ടറി എസ്.എ. രാജലക്ഷ്മിയാണ് പരാതി തീർപ്പാക്കിയത്. അഞ്ചു വർഷത്തിനുശേഷമാണ് ഇതുസംബന്ധിച്ച അറിയിപ്പ് വിവരാവകശ കമ്മിഷനിൽ നിന്നു ലഭിച്ചത് എന്നതാണ് വിചിത്രം. കമ്മിഷനിൽ നിന്ന് അറിയിപ്പ് ലഭിച്ചതോടെ ഫീസ് തുക തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് മമ്മദ് കോയ സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭിക്കുന്ന നിരവധി അപേക്ഷകളിൽ സമാന രീതിയിൽ ഇപ്പോഴും ഫീസ് ഇടാക്കുന്നുണ്ട്.