തിരുവമ്പാടി: ആനക്കാംപൊയിൽ- മേപ്പാടി തുരങ്കപാതയ്ക്ക് പുതുജീവൻ. നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡൊമിനിക് ലാംഗിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം മറിപ്പുഴയിലെത്തി. അടുത്തിടെ മുഖ്യമന്ത്രി നടത്തിയ നോർവെ സന്ദർശനത്തിന്റെ തുടർച്ചയായാണ് തുരങ്കപാത ആരംഭിക്കുന്ന ആനക്കാംപൊയിൽ മറിപ്പുഴയിൽ നോർവീജിയൻ സംഘം സന്ദർശിച്ചത്. തുരങ്കപാത നിർമ്മാണത്തിന് സാങ്കേതികവിദ്യ കൈമാറാൻ സംസ്ഥാന സർക്കാരും നോർവെയും തമ്മിൽ ധാരണാ പത്രം ഒപ്പുവച്ചിരുന്നു. തുരങ്കപാത അനുയോജ്യമായ പദ്ധതിയാണെന്നും അടുത്ത ദിവസം സർക്കാരുമായി ആലോചിച്ച് തുടർ നടപടികൾ തീരുമാനിക്കുമെന്നും ഡോമിനിക് ലാംഗ് അറിയിച്ചു. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗങ്ങളായ ഡോ.കെ.രവി രാമൻ, ഡോ.വി.നമശ്ശിവായം, ഡോ.വി.സന്തോഷ്, (ചീഫ് ഡിവിഷൻ പെർസ്‌പെക്റ്റീവ് പ്ലാനിംഗ്), ഡോ. ശേഖർ കുര്യാക്കോസ് ( മെമ്പർ സെക്രട്ടറി, സംസ്ഥാന ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിട്ടി ),ബീരേന്ദ്ര കുമാർ ( ഡെപ്യൂട്ടിചീഫ് എൻജിനിയർ കൊങ്കൺ റെയിൽവേ), വിശ്വ പ്രകാശ് (സൂപ്രണ്ടിംഗ് എൻജിനിയർ പി.ഡബ്ല്യു.ഡി), ഹാഷിം (എക്സിക്യുട്ടീവ് എൻജിനിയർ പി.ഡബ്ല്യു.ഡി ),മിഥുൻ (അസി.എക്സി. എൻജിനിയർ), ലിന്റോ ജോസഫ് എം.എൽ.എ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് എന്നിവരും ഒപ്പമുണ്ടായിരുന്നു.