കുന്ദമംഗലം: ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ബയോടെക്നോളജി രംഗത്തെ നൂതന സങ്കേതങ്ങളെക്കുറിച്ച് എൻ.ഐ.ടി കോഴിക്കോട് ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നേതൃത്വത്തിലുള്ള സയൻസ് ആൻഡ് എൻജിനിയറിംഗ് റിസർച്ച് ബോർഡ് അനുവദിച്ച ഗവേഷണ പദ്ധതിയുടെ കീഴിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. എൻ.ഐ.ടി കോഴിക്കോട് ഡയറക്ടർ പ്രൊഫ. ഡോ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഐ.ഐ.ടി ബോംബെയിലെ മുൻ പ്രൊഫസർ ഡോ. പി ജയദേവ ഭട്ട് മുഖ്യാതിഥിയായി. എൻ.ഐ.ടി.സിയിലെ ബയോടെക്‌നോളജി പ്രൊഫസറും പ്രോജക്ട് കോർഡിനേറ്ററുമായ ഡോ.അനാവുൽ കബീർ, സ്‌കൂൾ ഓഫ് ബയോടെക്നോളജി മേധാവി ഡോ. കെ.രത്‌നസാമിർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, ഗവേഷകർ തുടങ്ങിയവർ പങ്കെടുത്തു. സ്പ്രിംഗ് വാലി സ്കൂൾ, എൻ.ഐ.ടി.സി കാമ്പസ്, പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ, കൊടിയത്തൂർ, ആർ.ഇ.സി ഹയർ സെക്കൻഡറി സ്കൂൾ, ചാത്തമംഗലം, ദയാപുരം റസിഡൻഷ്യൽ സ്കൂൾ, ചാത്തമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, നീലേശ്വരം, മുക്കം എന്നീ സ്ക്കൂളുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ അദ്ധ്യാപകർക്കൊപ്പം ശിൽപ്പശാലയിൽ പങ്കെടുത്തു. സമാപന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.