@ യു.ഡി.എഫ്-2 എൽ.ഡി.എഫ്-2
@ എൽ.ഡി.എഫിന് കുത്തകസീറ്റ് നഷ്ടമായി
കോഴിക്കോട്: ജില്ലയിലെ നാല് തദ്ദേശ വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടം. രണ്ട് സീറ്റുകൾ വീതം യു.ഡി.എഫും എൽ.ഡി.എഫും നേടി. 17 വർഷം എൽ.ഡി.എഫ് കുത്തകയാക്കി വെച്ചിരുന്ന കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷനിലേക്കും മണിയൂർ ഗ്രാമപഞ്ചായത്തിലെ മണിയൂർ നോർത്ത്, തുറയൂർ ഗ്രാമപഞ്ചായത്തിലെ പയ്യോളി അങ്ങാടി, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർത്ഥി റസീന പൂക്കോട്ടാണ് 17 വർഷങ്ങൾക്ക് ശേഷം വാർഡ് ഐക്യമുന്നണിയ്ക്ക് വേണ്ടി പിടിച്ചെടുത്തത്. 272 വോട്ടുകൾക്കാണ് യു.ഡി.എഫ് വിജയം. റസീന പൂക്കോട്ട് 735 വോട്ടും സി.പി.എമ്മിലെ രഹ്‌ന പി.സി 463 വോട്ടും എസ്.ഡി.പി.ഐയിലെ സറീന സലീം 44 വോട്ടും നേടി.
എൽ.ഡി.എഫിലെ ഐ.സജിത സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ് 116 വോട്ടിന് വിജയിച്ച വാർഡാണ് യു.ഡി.എഫ് വിജയിച്ച് കയറിയത്.
മേലടി കീഴരിയൂർ ഡിവിഷൻ ഇടതുപക്ഷ സ്ഥാനർത്ഥി എം.എം. രവീന്ദ്രൻ നിലനിറുത്തി. 158 വോട്ടിനാണ് രവീന്ദ്രൻ കോൺഗ്രസിലെ ശശി പാറോളിയെ തോൽപ്പിച്ചത്. രവീന്ദ്രൻ 2420 വോട്ടും ശശി പാറോളി 2262 വോട്ടും നേടി. എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർത്ഥി സന്തോഷ് കാളിയത്ത് 164 വോട്ട് നേടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പി. ഗോപാലൻ നായർ രാജിവെച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 142 വോട്ടായിരുന്നു കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം.
മണിയൂർ ഗ്രാമപഞ്ചായത്തിലെ മണിയൂർ നോർത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എമ്മിലെ എ.ശശിധരൻ നിലനിറുത്തി. 340 വോട്ടിന്റെ മികച്ച ഭൂരിപക്ഷം. എ. ശശിധരൻ 741 വോട്ട് നേടിയപ്പോൾ കോൺഗ്രസിലെ ഇ.എം.രാജൻ 401 വോട്ടും ബി.ജെ.പിയിലെ ഷിബു കയനാണ്ടി 21 വേട്ടും നേടി. എൽ.ഡി.എഫിലെ കെ.പി. ബാലന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. 107 വോട്ട് ഭൂരിപക്ഷം. മൂന്നിരട്ടിയിലധികം വർദ്ധിപ്പിക്കാൻ എൽ.ഡി.എഫിനായി.
തുറയൂർ ഗ്രാമ പപഞ്ചായത്തിലെ പയ്യോളി അങ്ങാടി യു.ഡി.എഫ് നിലനിറുത്തി. മുസ്ലിംലീഗിലെ സി.എ.നൗഷാദ് 381 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സി.എ. നൗഷാദ് 594 വോട്ട് നേടിയപ്പോൾ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.അബ്ദുറഹിമാൻ 213 വോട്ട് നേടി. ഏറെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ നിറഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നിരട്ടിയായി ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ യു.ഡി.എഫിനായി. മുസ്ലിംലീഗിൽനിന്നുള്ള യു.സി.ഷംസുദ്ദീൻ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. 123 വോട്ടിനായിരുന്നു ഷംസുദ്ദീന്റെ ജയം. ബി.ജെ.പിയിലെ ലിബീഷ് 29 വോട്ട് നേടി.