rice
rice

കോഴിക്കോട്: അവശ്യസാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയർന്നതോടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുന്നു. പച്ചക്കറിക്കും അരിക്കുമുണ്ടായ വില വർദ്ധനവിന് പിന്നാലെയാണ് പലചരക്ക് സാധനങ്ങളുടെ വിലയും കുത്തനെ കൂടുന്നത്. മണ്ഡലകാലം അടുത്തതും ഇന്ധനവില വർദ്ധനവും മഴക്കെടുതിയുമാണ് വിലക്കയറ്റത്തിന് കാരണമെന്നും വരും ദിവസങ്ങളിൽ വില ഇനിയും കൂടിയേക്കുമെന്നുമാണ് വ്യാപാരികൾ പറയുന്നത്. രണ്ടാഴ്ചക്കിടെ പത്ത് മുതൽ ഇരുപത് ശതമാനം വരെയാണ് പല നിതേൃാപയോഗ സാധനങ്ങൾക്കും വില വർദ്ധിച്ചത്. മുളക്, പയർ, പരിപ്പ്, ശർക്കര, മുതിര എന്നിവയ്‌ക്കെല്ലാം വില കൂടിയിട്ടുണ്ട്. ഇതോടെ സ്ഥിര ജോലിയില്ലാത്ത സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. മൊത്തക്കച്ചവടക്കാരിൽ നിന്ന് കൂടിയ നിരക്കിൽ സാധനം വാങ്ങി വിൽക്കാനാവാത്ത അവസ്ഥയിലാണ് ചെറുകിട ഉൾനാടൻ ഗ്രാമങ്ങളിലെ കച്ചവടക്കാർ. വാണിജ്യ സിലിണ്ടറിന് വില വർദ്ധിച്ചതോടെ ഹോട്ടലുകളിൽ ഭക്ഷണത്തിനുള്ള വിലയും വർദ്ധിച്ചിട്ടുണ്ട്.

ജില്ലയിലെ മൊത്ത വിൽപ്പന കേന്ദ്രങ്ങളിൽ കിലോയ്ക്ക് 150-170 രൂപയുണ്ടായിരുന്ന മുളകിന് കിലോ 300-320 രൂപയാണിപ്പോൾ. 78-80 രൂപയായിരുന്ന വൻപയറിനിപ്പോൾ 100 രൂപ മുതലാണ് വില തുടങ്ങുന്നത്. ചില്ലറ വിൽപ്പന 110 മുകളിലെത്തും. മഞ്ഞൾ കിലോ 70-80 രൂപയാണ്. 110 രൂപയായിരുന്ന പരിപ്പ് 140 ആയി ഉയർന്നു. ചെറുപയർ 85 മുതൽ 100 വരെയെത്തി. ചില്ലറ വിൽപ്പനയിൽ 110 ന് മുകളിലാണ്. നേരത്ത 80 രൂപയുണ്ടായിരുന്ന കടുക് ഇപ്പോൾ 120 നാണ് വിൽപ്പന. ഗ്രാമിന് 25 രൂപയുണ്ടായിരുന്ന ജീരകത്തിന് 35 ആയി ഉയർന്നു. ഇതിനൊപ്പം പച്ചക്കറി വിലയിലും വർദ്ധനവുണ്ട്. മുരിങ്ങക്കായയ്ക്ക് മുമ്പ് 30 -40 ഉണ്ടായിരുന്നത് 80 ലേക്കെത്തി. മുപ്പത് ര‌ൂപയായിരുന്ന കാരറ്റിന് 80 രൂപയാണിപ്പോൾ.

@ താഴാതെ അരി വില

കഴിഞ്ഞ ഒരു മാസമായി അരി വിലയിൽ മാറ്റമില്ല. കുറയുന്നതിന് പകരം കൂടുകയാണ്. ഒരാഴ്ച വരെ 42 മുതൽ 43 ആയിരുന്ന കുറുവ ഫസ്റ്റ് ക്ലാസ് അരിയ്ക്ക് ഇപ്പോൾ 45 രൂപയാണ്. 39 രൂപയുണ്ടായിരുന്ന മട്ടയ്ക്ക് ഇപ്പോൾ വില 50 ആണ്. പൊന്നിയ്ക്ക് 41 രൂപയാണ്. 54-55 വരെയുള്ള ജയയ്ക്ക് ചില്ലറ വില 56 മുതൽ 60 വരെയാണ്.

@ വിപണിയിലെ വിലക്കയറ്റം ഇങ്ങനെ

പലചരക്ക് (റീടെയിൽ വില)

വൻപയർ-110

ബോൾ കടല -85-90

പരിപ്പ് -140

ശർക്കര -55

കടല - 90-100

പഞ്ചസാര -42

ചെറുപയർ -100-110

മുളക്- 300-320

മഞ്ഞൾ-70-80

ഉഴുന്ന് -120

ജീരകം- 35

കടുക് -120

''മണ്ഡലകാലം അടുക്കുന്നതോടെ സാധനങ്ങൾക്ക് ഇനിയും വില വർദ്ധിക്കും''

ബാബു,കച്ചവടക്കാരൻ