
കോഴിക്കോട്: സഹോദരികളായ ബാലികമാരെ പീഡിപ്പിച്ച ബന്ധുവായ പൊലീസുകാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ വിനോദിനെതിരെയാണ് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തത്. 12, 13 വയസുകാരായ പെൺകുട്ടികളുടെ ശരീരത്തിൽ മോശമായി സ്പർശിച്ചുവെന്നാണ് പരാതി. രണ്ടു പോക്സോ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. കഴിഞ്ഞ മാസം 13 മുതൽ ഇയാൾ മെഡിക്കൽ അവധിയിലാണ്.
പ്രതിക്കെതിരെ പെൺകുട്ടികളുടെ മാതാവ് കഴിഞ്ഞ മാസം 20ന് താമരശേരി പൊലീസിൽ പരാതി നൽകിയിരുന്നു. താമരശ്ശേരിയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന വിനോദ് കുമാറിനെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കാണാൻ ചെന്നപ്പോൾ മർദ്ദിക്കുകയും ലൈംഗികാതിക്രമം കാട്ടുകയും ചെയ്തുവെന്നായിരുന്നു പരാതി. കൂരാച്ചുണ്ട് പൊലീസിന് കെെമാറിയ കേസിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിന്റെ അന്വേഷണത്തിനിടയിലാണ് കൂടുതൽ വെളുപ്പെടുത്തൽ ഉണ്ടായത്. 2015 മുതൽ തന്നെ പീഡിപ്പിക്കുന്നതായി പെൺകുട്ടികളുടെ മാതാവ് നൽകിയ മൊഴിയിൽ പറയുന്നു. 2019 മുതലാണ് കുട്ടികളോട് മോശമായി പെരുമാറാൻ തുടങ്ങിയത്. കഴിഞ്ഞ മാസം 13നാണ് ഒരു കുട്ടി മൊഴി നൽകിയത്. ഇന്നലെ രണ്ടാമത്തെ കുട്ടിയും മൊഴി നൽകി.
മുതുകാട് പെരുവണ്ണാമൂഴി സ്വദേശിയായ ഇയാൾ നേരത്തെ പേരാമ്പ്ര സ്റ്റേഷനിലും ജോലി ചെയ്തിരുന്നു. കൂരാച്ചുണ്ട് എസ്.എച്ച്.ഒ സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.