kunnamangalam-news

കുന്ദമംഗലം: സഹപ്രവർത്തകന്റെ ചികിത്സയ്ക്ക് കൈകോർത്ത് കുന്ദമംഗലത്തെ ഓട്ടോ തൊഴിലാളികൾ. ഓട്ടോ ഡ്രൈവറും നിർദ്ധന കുടുംബാംഗവുമായ പതിമംഗലം പുന്നക്കൽ സിദ്ധീഖിന് വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്ക് നാൽപത് ലക്ഷം രൂപ സ്വരൂപിക്കാനായി ഇന്നലെ കാരുണ്യ യാത്ര നടത്തി. കുന്ദമംഗലം അങ്ങാടിയിൽ സർവീസ് നടത്തുന്ന 360 ഓട്ടോറിക്ഷകളും ഇന്നലെ ലഭിച്ച മുഴുവൻ ഓട്ടോ കൂലിയും കുടുംബത്തിന് കൈമാറാൻ തീരുമാനിച്ചു.

എസ്.ടി.യു, സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് തൊഴിലാളികൾ ഉൾപ്പെട്ട സംയുക്ത ഓട്ടോ തൊഴിലാളി കോ ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാരുണ്യ യാത്ര അഡ്വ.പി.ടി.എ റഹിം എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കമ്മിറ്റി കൺവീനർ എം.വി.ബൈജു സ്വാഗതം പറഞ്ഞു. ചെയർമാൻ പ്രകാശൻ പൊയിലങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വാർഡ് മെമ്പർ പി.കൗലത്ത്,എം.എം.സുധീഷ് കുമാർ, അരിയിൽ മൊയ്തീൻ ഹാജി, കെ.എം.ചന്ദ്രൻ, ടി.ബൈജു, എൻ.ബഷീർ, കെ.സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.