മുക്കം: മണാശ്ശേരി കുന്നത്ത് തൃക്കോവിൽ ക്ഷേത്രോത്സവം നാളെ മുതൽ ആരംഭിക്കും. എല്ലാ ദിവസവും വിശേഷാൽ പൂജകളുണ്ടാകും. പൂജാദികർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാടും മേൽശാന്തി ഒഴുകിൽ തട്ടയൂർ ഇല്ലത്ത് മനോഹരൻ നമ്പൂതിരിയും ശാന്തി മുതുമന ഇല്ലം ശ്രീധരൻ നമ്പൂതിരിയും കാർമികത്വം വഹിക്കും. ഉത്സവത്തിന്റെ ഭാഗമായി ഇന്ന് ചിത്രകാരനും ശിൽപ്പിയുമായ ആർ.കെ.പൊറ്റശേരിയുടെ സ്മരണയിൽ ചിത്രരചനാമത്സരം നടക്കും. നാളെ നടക്കുന്ന സാസ്ക്കാരിക സമ്മേളനം ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിക്കും. ശബരിമല തന്ത്രി കണ്ഠരർ മഹേശ് മോഹനർ അനുഗ്രഹപ്രഭാഷണം നടത്തും. അഞ്ചാം ദിവസം കോടി അർച്ചനയും ആറാം ദിവസം രഥോത്സവവും നടക്കും. പ്രഭാഷണം , തിരുവാതിരക്കളി, പിന്നൽ കോലാട്ടം, ഗാനമേള, സോപാനസംഗീതം, നൃത്തനൃത്യങ്ങൾ, തുടങ്ങിയവ വിവിധ ദിവസങ്ങളിൽ നടക്കും. ഏഴ് ദേശങ്ങളിൽ നിന്നുള്ള വരവാഘോഷം അഞ്ചാം ദിവസം ഞായറാഴ്ചയാണ്. ദേശ വരവുകൾ മണാശേരി അങ്ങാടിയിൽ സംഗമിച്ച് താലപ്പൊലി ,പഞ്ചവാദ്യം, ശിങ്കാരിമേളം ,ഡിജിറ്റൽ തംബോല, പെരുമ്പറ, നാസിക് ഡോൾ, വിവിധ പ്ലോട്ടുകൾ, നിശ്ചല ദൃശ്യങ്ങൾ, താളമേളവാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് നീങ്ങും. ഏഴാം ദിവസം രാത്രി എട്ടിന് നടക്കുന്ന ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും. വാർത്താസമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് പവിത്രം രവി, സെക്രട്ടറി രാമൻ ഇരട്ടങ്ങൽ, ട്രഷറർ എൻ.ശൈലജ, സ്വാഗതസംഘം ചെയർമാൻ ഇരുൾ കുന്നുമ്മൽ സുകുമാരൻ എന്നിവർ പങ്കെടുത്തു.