കോഴിക്കോട്: നാളെ വൃശ്ചികം ഒന്ന്, വ്രത ശുദ്ധിയുടെ മണ്ഡല കാലത്തിൽ ഇനി എങ്ങും ശരണം വിളി മുഴങ്ങും. അയ്യപ്പദർശനത്തിനായി മല ചവിട്ടുന്ന ഭക്തർക്കായി ഇത്തവണ വിപണിയും നേരത്തെ സജീവമായി. കൊവിഡ് ഭീതി അകന്ന ആദ്യ മണ്ഡല കാലമായതിനാൽ കൂടുതൽ അയ്യപ്പൻമാരെ മുന്നിൽ കണ്ട് വിപുലമായ സജ്ജീകരണങ്ങളാണ് വിപണിയിലെങ്ങും. അയ്യപ്പന്മാർക്ക് വേണ്ടതെല്ലാം ജില്ലയിലെ പൂജാ സ്റ്റോറുകളിൽ എത്തിയിട്ടുണ്ട്. മാല മുതൽ ഇരുമുടിക്കെട്ടിലേക്ക് ആവശ്യമായതെല്ലാം ലഭ്യമാണ്. 40 മുതൽ 100 രൂപ വരെയാണ് മാലയുടെ വില. കറുത്ത മുത്ത്, രുദ്രാക്ഷം, തുളസി, രക്തചന്ദനം തുടങ്ങിയ മാലകൾ വിപണിയിലുണ്ട്. ദിവസം കഴിയുന്തോറും വില ഉയർന്നേക്കാമെന്നാണ് വ്യാപാരികൾ പറയുന്നത്. വസ്ത്രം, ഇരുമുടിക്കെട്ട് ഉൾപ്പെടെ 150 മുതൽ 300 വരെയാണ് വില. വിളക്കുതിരി, എണ്ണ, കളഭം, ചന്ദനം, ഉണക്കലരി, മഞ്ഞൾപ്പൊടി, നാളികേരം, പനിനീർ, ഭസ്മം തുടങ്ങി കെട്ടുനിറയ്ക്ക് ആവശ്യമായ പൂജാ കിറ്റുകൾക്ക് 100 മുതലാണ് വില. തോൾ സഞ്ചി, കറുത്ത മുണ്ട്, ഷാൾ, അരപ്പട്ട, തീർത്ഥാടന വാഹനങ്ങളിലും മറ്റും വയ്ക്കാനുള്ള ഫോട്ടോകൾ, സ്റ്റിക്കറുകൾ എന്നിവയൊക്കെ വിൽപനയ്ക്കുണ്ട്.
വില ഇങ്ങനെ
#തോൾ സഞ്ചി- 80 മുതൽ
#ചെറിയ സഞ്ചി-10 മുതൽ
#നെയ്യ്- കിലോ 600
#തേങ്ങ- 20 മുതൽ
#പൂജ കിറ്റ്- 100 മുതൽ
#മുണ്ട്- 120 മുതൽ 200 വരെ
'' ഇത്തവണ അയ്യപ്പൻമാരുടെ എണ്ണം കൂടാൻ സാദ്ധ്യതയുള്ളതിനാൽ വിപണിയിലും ഒരുക്കം വിപുലമാണ്. സീസൺ നാളെ ആരംഭിക്കുന്നതോടെ തിരക്ക് വീണ്ടും കൂടും' ശ്യാംലാൽ, പ്രിയ ഫ്ളവർ സ്റ്റാൾ, പാളയം.