കോഴിക്കോട്: വേൾഡ് കപ്പ് ഫുട്ബാൾ ആരവങ്ങൾ ലോകമെങ്ങും മുഴങ്ങുമ്പോൾ ലോകകപ്പിലേക്ക് ഇന്ത്യൻ ടീമിന് വഴി തുറക്കുക എന്ന ലക്ഷ്യവുമായി കളിക്കാരെ വാർത്തെടുക്കാൻ കോഴിക്കോട് മൈതാനം ഒരുങ്ങുന്നു. 2023 ഫെബ്രുവരിയോടെ മൈതാനത്തിൽ പന്തുരുളും. ഡിഗോ മറഡോണയെന്ന ഫുട്‌ബോൾ ഇതിഹാസത്തെ വാർത്തെടുത്ത അർജന്റീനോസ് ജൂണിയേഴ്സിന്റെ പരിശീലകരുടെ ശിക്ഷണത്തിലാവും പരിശീലനം.
മലബാർ സ്‌പോർട്സ് ആൻഡ് റിക്രിയഷൻ ഫൗണ്ടേഷന്റെ (എം.എസ്.ആർ.എഫ്) നേതൃത്വത്തിൽ പെരുന്തുരുത്തി ഭാരതീയ വിദ്യാഭവൻ സ്‌കൂളിലാണ് ഗ്രൗണ്ടിലാണ് മൈതാനം ഒരുങ്ങുന്നത്. മൈതാനത്ത് ഉയർന്ന ഗുണ നിലവാരമുള്ള ബർമുഡ ഗ്രാസാണ് ഒരുക്കുന്നത്. കളിക്കാർക്ക് പരിക്കു പറ്റാനുള്ള സാദ്ധ്യത ബർമൂഡ ഗ്രാസിൽ കുറയും. 30 ദിവസത്തിനകം മൈതാനത്തെ പുല്ല് പൂർണ വളർച്ചയെത്തും. ഡ്രെയിനേജ് സംവിധാനവും ഫെൻസിംഗുമൊക്കെ ഇതിനോടകം പൂർത്തിയാവും.
ജനുവരിയോടെ അക്കാഡമിയിലേക്ക് കുട്ടികളെ സെലക്ട്‌ചെയ്യുമെന്ന് എം.എസ്.ആർ.എഫ് ചെയർമാനും മുൻ ഗോവ ചീഫ് സെക്രട്ടറിയുമായ ബി.വിജയൻ പറഞ്ഞു. കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി അർജന്റീനിയോസ് ജൂണിയേഴ്സിന്റെ കോച്ചുകൾ കോഴിക്കോട്ടെത്തും. അവർ ഇവിടെ താമസിച്ച് കുട്ടികളെ പരിശീലിപ്പിക്കും. 13 വയസിനു താഴെയുള്ള ഫുട്ബാളിൽ മികവു പുലർത്തുന്ന കുട്ടികളെയാണ് തെരഞ്ഞെടുക്കുക. എം.എസ്.ആർ.എഫിന്റെ കീഴിൽ മലബാർ ചാലഞ്ചേഴ്സ് എന്ന ഫുട്‌ബോൾ ക്ലബ്ബും നിലവിൽ വരും. 2031ലെ അണ്ടർ 20 മത്സരത്തിലും 2034ലെ വേൾഡ് കപ്പ് ഫുട്‌ബോൾ മത്സരത്തിലും പങ്കെടുക്കാൻ രാജ്യത്തെ പ്രാപ്തമാക്കുകയും ദേശീയ ടീമിൽ മലബാർ ചാലഞ്ചേഴ്സിന്റെ മൂന്നു ഫുട്ബാൾ താരങ്ങളെയെങ്കിലും പങ്കെടുപ്പിക്കുകയുമാണ് എംഎസ്ആർഎഫിന്റെ ലക്ഷ്യം. പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടത്തിൽ കുട്ടികളെ താമസിപ്പിച്ച് പരിശീലനം നൽകും. 400 കുട്ടികളെ ഉൾക്കൊള്ളാവുന്ന റസിഡൻഷ്യൽ ഫുട്ബാൾ അക്കാഡമിയാണ് എംഎസ്ആർഎഫ് ലക്ഷ്യമിടുന്നത്.
പ്രസ് ക്ലബ് ഫുട്‌ബോൾ ടൂർണമെന്റ് 17 മുതൽ
കോഴിക്കോട്: ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശമുയർത്തി ലോകകപ്പിനെ വരവേൽക്കാൻ കാലിക്കറ്റ് പ്രസ് ക്ലബ് വെള്ളിമാടുകുന്ന് ക്രെസന്റ് ഫുട്‌ബോൾ അക്കാഡമിയുമായി ചേർന്ന് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. വെള്ളിമാടുകുന്ന് ജെ.ഡി.ടി സ്റ്റേഡിയത്തിൽ 17,18,19 തിയതികളിലാണ് ഗസ് നയൻ ട്രോഫിക്ക് വേണ്ടിയുള്ള ടൂർണമെന്റ് നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. 17ന് വൈകിട്ട് നാലിന് എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും.കാലിക്കറ്റ് പ്രസ് ക്ലബ്, ക്രസന്റ് അക്കാഡമി, മാധ്യമം റിക്രിയേഷൻ ക്ലബ്, ഗസ് നയൻ സ്‌പോർട്‌സ് ആൻഡ് യൂണിറ്റി ക്ലബ്, ജെ.ഡി.ടി ഫുട്‌ബോൾ ക്ലബ്, ഇഖ്‌റ ഹോസ്പിറ്റൽ എന്നീ ടീമുകൾ അണിനിരക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് താരങ്ങളുടെ കട്ടൗട്ട് സ്ഥാപിച്ച് ശ്രദ്ധ നേടിയ പുള്ളാവൂരിലെ ബ്രസീൽ, അർജന്റീന ഫാൻസ് ടീമുകൾ തമ്മിലുള്ള പ്രദർശന മത്സരവുമുണ്ടാകും. വാർത്താ സമ്മേളനത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ്.രാകേഷ്, ക്രസന്റ് ഫുട്‌ബോൾ അക്കാഡമി ചെയർമാൻ പി.എം.ഫയാസ്, ടൂർണമെന്റ് ജനറൽ കൺവീനർ മോഹനൻ പുതിയോട്ടിൽ പ്രസംഗിച്ചു.
ലോകകപ്പ് ആഘോഷിക്കാം, മാലിന്യമുക്തമായി
കോഴിക്കോട്: ഫുട്‌ബോൾ ലോകകപ്പിന്റെ പ്രചാരണത്തിനായി ജില്ലയിൽ നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ജില്ലാകളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി നിർദ്ദേശം നൽകി. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഫൈനൽ മത്സരം തീരുന്നതോടെ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ ബോർഡുകളും നീക്കം ചെയ്‌തെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. കോട്ടൺ തുണി, പോളിത്തീൻ പോലെയുള്ള പുനചംക്രമണം ചെയ്യാവുന്ന വസ്തുക്കൾ ഉപയോഗിച്ച് മാത്രമേ പ്രചരണ ബോർഡുകൾ സ്ഥാപിക്കാൻ പാടുള്ളൂ.
സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പി.വി.സി ഫ്ളക്സുകളും നിരോധിച്ചിട്ടുള്ളതാണ്. കോട്ടൺതുണി, പേപ്പർ അധിഷ്ഠിത പ്രിന്റിംഗ് രീതികൾക്ക് പ്രാധാന്യം നൽകാനും പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിംഗ് രീതികൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ഹരിതചട്ടം പാലിച്ച് ഫുട്‌ബോൾ ആഘോഷം സംഘടിപ്പിക്കുന്ന കൂട്ടായ്മകളെ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ആദരിക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എ.വി അബ്ദുൾ ലത്തീഫ്, ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ കെ.എം.സുനിൽകുമാർ അസി.കോർഡിനേറ്റർ കെ.പി രാധാകൃഷ്ണൻ, ജില്ലായൂത്ത് ഓഫീസർ സനൂപ് സി, പ്രിന്റിംഗ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.