celebration
celebration

കോഴിക്കോട്: ഫുട്‌ബോൾ ലോകകപ്പിന്റെ പ്രചാരണത്തിനായി ജില്ലയിൽ നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ജില്ലാകളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി നിർദ്ദേശം നൽകി. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഫൈനൽ മത്സരം തീരുന്നതോടെ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ ബോർഡുകളും നീക്കം ചെയ്‌തെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. കോട്ടൺ തുണി, പോളിത്തീൻ പോലെയുള്ള പുനചംക്രമണം ചെയ്യാവുന്ന വസ്തുക്കൾ ഉപയോഗിച്ച് മാത്രമേ പ്രചരണ ബോർഡുകൾ സ്ഥാപിക്കാൻ പാടുള്ളൂ.

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പി.വി.സി ഫ്ളക്സുകളും നിരോധിച്ചിട്ടുള്ളതാണ്. കോട്ടൺതുണി, പേപ്പർ അധിഷ്ഠിത പ്രിന്റിംഗ് രീതികൾക്ക് പ്രാധാന്യം നൽകാനും പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിംഗ് രീതികൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ഹരിതചട്ടം പാലിച്ച് ഫുട്‌ബോൾ ആഘോഷം സംഘടിപ്പിക്കുന്ന കൂട്ടായ്മകളെ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ആദരിക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എ.വി അബ്ദുൾ ലത്തീഫ്, ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ കെ.എം.സുനിൽകുമാർ അസി.കോർഡിനേറ്റർ കെ.പി രാധാകൃഷ്ണൻ, ജില്ലായൂത്ത് ഓഫീസർ സനൂപ് സി, പ്രിന്റിംഗ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.