children
children

കോഴിക്കോട്: ഒറ്റപ്പെടലിന്റേയും അനാഥത്വത്തിന്റേയും നാലുചുമരുകൾക്കുള്ളിൽ നിന്നും അവർ പുറത്തിറങ്ങി. നാടുകണ്ടു, നഗരം കണ്ടു പിന്നെ ചിരിയുടെ മാലപ്പടക്കമുതിർത്ത ജയ ജയ ജയ ഹേ സിനിമയും. ശിശുദിനാഘാഷത്തിന്റെ ഭാഗമായി കോഴിക്കോട് ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ (ജെ.സി.സി.ഐ) നേതൃത്വത്തിൽ വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിലെ നാൽപ്പതോളം കുട്ടികളാണ് നഗരജീവിതം അറിഞ്ഞ് സിനിമ കണ്ട് ശിശുദിനം ആഘോഷമാക്കിയത്. കുട്ടികൾക്ക് പുറമേ ചിൽഡ്രൻസ് ഹോമിലെ പത്തോളം ജീവനക്കാരും കൂടെയുണ്ടായിരുന്നു.

കുട്ടികൾക്കായി സൗജന്യയാത്ര ജെ.ഡി.ടി സ്‌കൂൾ അധികൃതർ ഒരുക്കിയപ്പോൾ സിനിമ കാണാനുള്ള സൗജന്യ ടിക്കറ്റും ലഘുഭക്ഷണവുമെല്ലാം ക്രൗൺ തിയേറ്റർ അധികൃതരുമൊരുക്കി. ബേസിലും ദർശനയും പകർന്നാടിയ സിനിമ കണ്ടപ്പോൾ ഇരുവരെയും നേരിൽകാണണമെന്ന ആഗ്രഹവും കുട്ടികൾ മുന്നോട്ടുവെച്ചപ്പോൾ വൈകാതെ അതും സാദ്ധ്യമാക്കാമെന്ന് അധികൃതരുടെ ഉറപ്പ്.
ജെ.സി.ഐ കാലിക്കറ്റ് പ്രസിഡന്റ് തേജസ് എം.ആർ, സെക്രട്ടറി ജമീൽ സേട്ട്, വൈസ് പ്രസിഡന്റ് ആൽബർട്ട് ജോസ്, പ്രോഗ്രാം ഡയറക്ടർ ഷൈജി റോഷൻ, നിഖിൽ.വി, ജൂനിയർ ജെ.സി അഞ്ജലിന എന്നിവർ പങ്കെടുത്തു. ക്രൗൺ തയേറ്റർ ഉടമ വിനോദ് എ.ആർ , ക്രൗൺതിയേറ്റർ ഫുട്‌കോർട്ട് ഉടമ പ്രശാന്ത്.പി, ജെ.സി.ഐ സോൺ ഡയറക്ടർ പ്രോഗ്രാം ജിനീഷ്.ബി എന്നിവർ കുട്ടികളുമായി സംവദിച്ചു.