
കോഴിക്കോട്: അൺ എയിഡഡ് അദ്ധ്യാപികമാർ നേരിടുന്നത് കൊടിയ ചൂഷണമാണെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി. സിറ്റിംഗിൽ നിരവധി പരാതികളാണ് കിട്ടിയത്. തൊഴിൽ സ്ഥിരതയില്ലായ്മ, നാമമാത്രമായ വേതനത്തിൽ ജോലി ചെയ്യേണ്ട സാഹചര്യം, അകാരണമായ പിരിച്ചുവിടൽ തുടങ്ങിയ പരാതികളാണ് കൂടുതലും. അദ്ധ്യാപികമാർക്ക് ആവശ്യമായ പരിരക്ഷ ഉറപ്പുവരുത്താതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും ജോലി ചെയ്യിക്കുന്ന സാഹചര്യമുണ്ട്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 20 പരാതികൾ തീർപ്പാക്കി. 63 പരാതികളാണ് കമ്മീഷന് മുമ്പാകെ എത്തിയത്. 41 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. രണ്ട് പരാതികളിൽ പൊലീസിൽ നിന്ന് റിപ്പോർട്ട് തേടും.
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികളും ഏറെയാണ്. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും വിവേചനങ്ങളും പരാതികളായി ലഭിച്ചിട്ടുണ്ടെന്നും സതീദേവി പറഞ്ഞു. അഭിഭാഷകരായ ഇന്ദിര രവീന്ദ്രൻ, സീനത്ത്, ലിസി, ഷരൺ പ്രേം, കൗൺസിലർമാരായ എം.സബിന, സി.അവിന, കെ.സുദിന, സുനിഷ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.