കോഴിക്കോട് : മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനികൾക്കായുള്ള ഹോസ്റ്റലിലെ സമയക്രമവുമായി ബന്ധപ്പെട്ട് ഇന്ന് വീണ്ടും ചർച്ച നടക്കും. ബുധനാഴ്ച രാത്രി പത്തിന് ഹോസ്റ്റൽ അടയ്ക്കുമെന്ന ചട്ടം നിർബന്ധമാക്കിയതിനെ തുടർന്ന് വിദ്യാർത്ഥിനികൾ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. 11.30 വരെ പ്രതിഷേധം നീണ്ടു. ഇതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഡോ. ഇ.വി. ഗോപി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായില്ല.
ഹോസ്റ്റലുകൾ പത്ത് മണിക്ക് അടയ്ക്കണമെന്നത് സർക്കാർ ഉത്തരവാണെന്നും ഇതു നടപ്പിലാക്കുകയാണ് ചെയ്തതെന്നാണ് അധികൃരുടെ വിശദീകരണം. വീണ്ടും ചർച്ച ചെയ്യാമെന്നുള്ള ഉറപ്പിലവാണ് വിദ്യാർത്ഥിനികൾ പ്രതിഷേധം ഒഴിവാക്കിയത്.
അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂല നടപടികൾ ഉണ്ടായിട്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. മെഡിക്കൽ കോളേജിൽ പി.ടി.എ യോഗം വിളിച്ചിട്ടുണ്ട്. രക്ഷിതാക്കളുടേതുൾപ്പെടെയുള്ള അഭിപ്രായം അറിഞ്ഞതിന് ശേഷം തീരുമാനം എടുക്കും. വിദ്യാർത്ഥിനികൾ വനിതാ കമ്മിഷനിലും മന്ത്രിക്കും വൈസ്ചാൻസലർക്കും പരാതി നൽകിയിട്ടുണ്ട്.
രാത്രി പത്ത് മണിയോടെയായിരുന്നു 50 ഓളം എം.ബി.ബി.എസ് വിദ്യാർത്ഥികൾ റോഡിലിറങ്ങി പ്രതിഷേധിച്ചത്. പ്രാക്ടിക്കൽ ക്ലാസ് ഉൾപ്പെടെ കഴിഞ്ഞെത്തിയവർക്ക് ഹോസ്റ്റൽ അടച്ചതോടെ പുറത്തു നിൽക്കേണ്ടി വന്നതായാണ് ആരോപണം. വിദ്യാർത്ഥികൾക്കും വിദ്യാർത്ഥിനികൾക്കും 9.30 ന് ഹോസ്റ്റലിൽ കയറണമെന്നാണ് നിബന്ധനയെങ്കിലും ആൺകുട്ടികളുടെ കാര്യത്തിൽ ഇത്തരം നിയന്ത്രണങ്ങളൊന്നും ബാധകമാകാറില്ലെന്നും ഇത് വിവേചനമാണെന്നുമാണ് വിദ്യാർത്ഥിനികൾ പറയുന്നത്. പ്രിൻസിപ്പൽ വിളിച്ച യോഗത്തിൽ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളായ ഹെന്ന, കാവ്യ, ഹോസ്റ്റൽ പ്രതിനിധികളായ അൻജു, ജുമാനിയ എന്നിവർ പങ്കെടുത്തു.
@ മെഡിക്കൽകോളജ് വനിതാ ഹോസ്റ്റൽ സമയക്രമം പരിശേധിക്കുമെന്ന് വനിതാ കമ്മിഷൻ
കോഴിക്കോട്: മെഡിക്കൽ കോളജിലെ വനിതാ ഹോസ്റ്റൽ, ലൈബ്രറി എന്നിവിടങ്ങളിലെ സമയക്രമവുമായി ബന്ധപ്പെട്ട പരാതി ഗൗരവമായി പരിഗണിക്കുമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ പി.സതീദേവി. കോളജ് അധികൃതരുമായി വിഷയം ചർച്ചചെയ്യും. മറ്റ് കോളജുകളിൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടോ എന്നുള്ളത് പരിശോധിക്കുമെന്നും കമ്മിഷൻ അറിയിച്ചു.