dog

കോഴിക്കോട്: പ്രതിരോധ വാക്സിനേഷൻ പേരിന് മാത്രമായതോടെ ജില്ലയിൽ വീണ്ടും നായപ്പേടി. കോഴിക്കോടിന്റെ പല ഭാഗങ്ങളിലും തെരുവ് നായ്ക്കൾ ഉറക്കം കെടുത്തുകയാണ്. മെഡിക്കൽ കോളേജ് വളപ്പിലും തെരുവു നായ ശല്യം രൂക്ഷമായി. ഒരാഴ്ചയ്ക്കിടെ മെഡിക്കൽ കോളേജിൽ നാല് ഡോക്ടർമാർക്കാണ് കടിയേറ്റത്. മെഡിക്കൽ കോളേജിലെ എൽ.ആർ.സി വളപ്പിൽ നിർത്തിയിടുന്ന കാറുകൾക്ക് അടിയിലാണ് നായ്ക്കൾ താവളമടിക്കുന്നത്. ഇവിടേക്ക് വരുന്നവരെ നായ്ക്കൾ ആക്രമിക്കുകയാണ്. തെരുവുനായ്ക്കൾ പെരുകിയതോടെ ഭയത്തോടെയാണ് ക്യാംപസിലൂടെ നടക്കുന്നതെന്ന് ഡോക്ടർമാർ ഉൾപ്പെടെ പറയുന്നു. ഐ.എം.സി.എച്ചിലെ നടപ്പാതകളിലും വരാന്തകളിലും തെരുവു നായകൾ വിലസുന്നത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയാസമാവുകയാണ്.
ചേവായൂർ പൊലീസ് സ്റ്റേഷന് പിന്നിലും നായശല്യം രൂക്ഷമായിരിക്കുകയാണ്. കുട്ടികൾക്കും സ്ത്രീകൾക്കും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ വിട്ടുവരികയായിരുന്ന വിദ്യാർത്ഥികൾ തലനാരിഴയ്ക്കാണ് നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. നായശല്യം രൂക്ഷമായ തോടെ രാവിലെ മദ്രസാ പഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് പഠനം നിർത്തേണ്ട സ്ഥിതിയാണ്. കുട്ടികളെ പുറത്തേക്ക് പറഞ്ഞയക്കാൻ രക്ഷിതാക്കളും ഭയക്കുന്നു.

കഴിഞ്ഞ ദിവസം താനൂരിൽ നിന്ന് തെരുവുനായയുടെ കടിയേറ്റ് നാലു വയസുകാരനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ഭാഗങ്ങളിലടക്കം കുട്ടിക്ക് കടിയേറ്റു. തല മുടി കടിച്ചുപറച്ച നിലയിലാണ്. 40 ഓളം ആഴത്തിലുളള മുറിവുകളാണ് ശരീരത്തിലുള്ളത്.

പട്ടിപിടിത്തക്കാരില്ല

തെരുവ് നായ്ക്കളെ പിടികൂടാൻ ആളില്ലാത്തതിനാൽ പ്രതിരോധ കുത്തിവെയ്പ്പ് പാളിയിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തെരുവുനായകളെ പിടികൂടാൻ പരിശീലനം നൽകുന്നത്. എന്നാൽ നായ്ക്കളെ പിടിക്കാൻ ആളെ കിട്ടാത്തത് അധികൃതരെ വലയ്ക്കുകയാണ്. പട്ടിപിടിത്ത പരിശീലനത്തിനായി വിവിധ പഞ്ചായത്തുകളിൽ നിന്ന് 70 പേർ രജിസ്റ്റർ ചെയ്തെങ്കിലും ചുരുക്കം പേരാണ് എത്തിയത്. ഇവരിൽ നിന്ന് തെരഞ്ഞെടുത്ത14പേരിൽ പത്തു പേർ മാത്രമാണ് തുടർ പരിശീലനത്തിൽ പങ്കെടുത്തത്. ഇവർക്കുള്ള പരിശീലനം തുടങ്ങുന്ന ഘട്ടത്തിൽ ബാലുശ്ശേരിയിലെ എ.ബി.സി സെന്ററിലേക്ക് രണ്ടുപേരെ മാറ്റിയതോടെ എട്ട് നായ പിടിത്തക്കാർ മാത്രമായി. തെരുവുനായകളുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് തെരുവുനായകളെ പിടികൂടാനും വന്ധ്യംകരിക്കാനും നടപടി ഊർജിതമാക്കിയത്. ഇതിന്റെ ആദ്യപടിയായാണ് പ്രതിരോധ വാക്‌സിൻ തുടങ്ങിയത്. സെപ്തംബർ 20നാണ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ ജില്ലയിൽ ആരംഭിച്ചത്. കഴിഞ്ഞമാസം 20ന് സമാപിച്ചു. എന്നാൽ തെരുവുനായകളിൽ ചെറിയ ശതമാനത്തിന് മാത്രമെ കുത്തിവെപ്പ് നൽകിയുള്ളൂ.

''ക്യാമ്പ് സമാപിച്ചെങ്കിലും പട്ടിപിടുത്തക്കാരുടെയും മൃഗ സ്‌നേഹികളുടെ കൂട്ടായ്മയുടെയും നേതൃത്വത്തിൽ നായകളെ പിടികൂടി വാക്സിൻ നൽകാൻ ശ്രമം നടക്കുന്നുണ്ട് '' ഡോ.പി.കെ ഷിഹാബുദ്ദീൻ, ജില്ലാ കോ ഓർഡിനേറ്റർ, ആനിമൽ ഡീസീസ് കൺട്രോൾ പ്രോജക്ട്.

തെരുവുനായയുടെ കടിയേറ്റ നാലു വയസുകാരന് അടിയന്തര ശസ്ത്രക്രിയ

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലു വയസുകാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ 11 മണിയോടെ പൂർത്തിയാക്കി. അസി. പ്രൊഫസർ പീഡിയാട്രിക് സർജറി ഡോ.നിർമ്മൽ, ഡോ.ഫിജുൽ എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. താനൂർ സ്വദേശിയായ മുഹമ്മദ് റിസ്‌വാനെയാണ് സ്വകാര്യ ഭാഗങ്ങളിലടക്കം പരിക്കേറ്റ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് വീടിന് സമീപത്തെ വട്ടത്താണി-ദേവധാർ ബൈപ്പാസ് റോഡിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കൾ കൂട്ടംചേർന്ന് റിസ്‌വാനെ ആക്രമിച്ചത്.

പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കണം

കോഴിക്കോട് : പേവിഷബാധ കുട്ടിക്കളിലടക്കം കൂടിവരുന്ന സാഹചര്യത്തിൽ വളർത്തു മൃഗങ്ങളിലും തെരുവ് നായ്ക്കളിലും പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കണമെന്ന് ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് 51ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ചെറിയ പോറലുകൾ പോലും അപകട സാദ്ധ്യത കൂട്ടുകയാണ്.നായകളെ വളർത്തുന്നവരും തെരുവുനായ ശല്യം കൂടുതലുള്ള പ്രദേശത്തുള്ളവരും ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കണം . കടിയേറ്റവരുടെ എണ്ണം ക്രമാതീതമായി കൂടുകയും മൃഗങ്ങളിൽ വൈറസിന്റെ സാന്നിദ്ധ്യം വർദ്ധിക്കുകയും ചെയ്യുമ്പോൾ വാക്‌സിൻ പരാജയത്തിന്റെ നേരിയ സാധ്യത ഉണ്ടാവുകയാണെന്ന് കേരളത്തിലെ ശിശു രോഗ വിദഗ്ദ്ധർ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.