@ പൊലീസിൽ പരാതി നൽകി
@ ആഭ്യന്തര അന്വേഷണം തുടങ്ങി
കോഴിക്കോട് : കെട്ടിട നമ്പർ തട്ടിപ്പിന് പിന്നാലെ നികുതി പിരിവിലും തട്ടിപ്പ് കണ്ടെത്തിയതോടെ പ്രതിരോധത്തിലായി കോർപ്പറേഷൻ. ബിൽ കളക്ടർമാരായ രണ്ട് താത്കാലിക ജീവനക്കാർക്കെതിരെ കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി ടൗൺ പൊലീസിൽ പരാതി നൽകി.
നികുതി പിരിക്കുമ്പോൾ കെട്ടിട ഉടമയ്ക്ക് നൽകുന്ന രശീതും ഓഫീസിൽ രേഖപ്പെടുത്തിയ തുകയും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് മറനീക്കിയത്. ഒമ്പത് രസീതുകളിലായി 5000 രൂപയുടെ ക്രമക്കേട് നടന്നെന്ന് കോർപ്പറേഷൻ സെക്രട്ടറി സ്ഥിരീകരിച്ചു. തട്ടിപ്പിന് ഇരയായ ആൾ നേരിട്ട് നികുതിയടക്കാൻ എത്തിയപ്പോഴാണ് രശീതുകളിൽ ബിൽ കളക്ടർമാർ കൃത്രിമം കാണിച്ചതായി കണ്ടെത്തിയത്. തുടർന്ന് ഓഫീസിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് തെളിഞ്ഞത്. 2015 മുതൽ വിവിധ കാലയളവിൽ കോർപ്പറേഷനിൽ ജോലി ചെയ്ത അമ്പിളി, റഷീദ എന്നിവർ നികുതി പിരിച്ച രശീതുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. മാർച്ച് വരെയായിരുന്നു ഇവർ ജോലിയിൽ ഉണ്ടായിരുന്നത്. 2017 -18 കാലഘട്ടത്തിലെ ക്രമക്കേടാണ് നിലവിൽ പുറത്തുവന്നത്. പൊലീസിൽ പരാതി നൽകിയതിന് പുറമെ കോർപ്പറേഷനിൽ ആഭ്യന്തര പരിശോധനയും ആരംഭിച്ചു. സൂപ്രണ്ട് മഞ്ജുവിന്റെ നേതൃത്വത്തിലാണ് പരിശോധന.1140 രൂപയുടെ നികുതിപ്പണം പിരിക്കുകയും ഉടമയ്ക്ക് രശീത് നൽകുകയും ചെയ്ത ബിൽ കളക്ടർമാർ ഡിജിറ്റലായി എൻട്രി ചെയ്തത് 114 രൂപ മാത്രം. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിതയും ഡെപ്യൂട്ടി ലീഡർ കെ. മൊയ്തീൻ കോയയും തദ്ദേശ വകുപ്പ് റീജിയണൽ ജോയന്റ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
@ കുറ്റസമ്മതം പ്രശ്‌ന
പരിഹാരമല്ല: യു.ഡി.എഫ്
കോർപ്പറേഷനനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറി കുറ്റസമ്മതം നടത്തിയിട്ട് കാര്യമില്ലെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി വ്യക്തമാക്കി. താത്ക്കാലിക ജീവനക്കാരെയും കരാർ ജീവനക്കാരെയും നിയമിക്കുന്നതിനെതിരായ യു.ഡി.എഫ് നിലപാട് തള്ളിക്കളയുന്ന ഇടതുപക്ഷ ഭരണസമിതിയുടെ സമീപനം തട്ടിപ്പിന് കാരണമാണ്. 2017- 18 കാലത്തെ കൃത്രിമമാണ് ഇപ്പോൾ കണ്ടെത്തിയത്. കാര്യക്ഷമായ പരിശോധന നടക്കണമെന്ന് യു.ഡി.എഫ് പാർട്ടി ലീഡർ കെ.സി.ശോഭിതയും ഡപ്യൂട്ടി ലീഡർ കെ.മൊയ്തീൻകോയയും ആവശ്യപ്പെട്ടു.
@ ആകെ കൃത്രിമം നടന്നെന്ന പ്രതീതി
സൃഷ്ടിക്കാൻ ശ്രമം : എൽ.ഡി.എഫ്
കോർപ്പറേഷനിൽ ആകെ കൃത്രിമം നടക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കാൻ യു.ഡി.എഫ് ശ്രമിക്കുന്നതായി എൽ.ഡി.എഫ് കോർപ്പറേഷൻ കമ്മിറ്റി ആരോപിച്ചു. നികുതി പിരിവിൽ കൃത്രിമം കാണിച്ചവർക്കെതിരെ നടപടി സ്വീകരിക്കണം. മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ഷിജിന ഒ.പി , പി.ദിവാകരൻ, പി.സി.രാജൻ, ഡോ.എസ്.ജയശ്രീ , പി.കെ.നാസർ , കൃഷ്ണകുമാരി , രേഖ.സി , എൻ.സി. മോയിൻകുട്ടി സദാശിവൻ ,തുഷാര, എന്നിവർ പ്രസംഗിച്ചു.