കുറ്റ്യാടി: തൊട്ടിൽപാലം വയനാട് ചുരം റോഡിലെ കൂടൽ മസ്ജിദിന് സമീപത്തെ പാതയോരം അപകട ഭീഷണിയിൽ. റോഡിന്റെ ഇരു വശത്തെയും ഓവുചാലുകളുടെ സംരക്ഷണഭിത്തി തകർന്ന് കിടക്കുകയാണ്. ദിവസവും ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന് നഅന്തർ സംസ്ഥാന പാതയാണ് . ഇരു ദിശകളിൽ നിന്നും ഒരേ സമയം ഇവിടെയെത്തുന്ന വാഹനങ്ങൾ ഏറെ പ്രയാസപെട്ടാണ് മുന്നോട്ട് നീങ്ങുന്നത്. തെല്ലൊന്ന് മാറിയാൽ സമീപത്തെ ആഴമേറിയ തോട്ടിലേക്ക് വിഴും. ഓവുചാലിനോട് ചേർന്ന് കടന്ന് പോകുന്ന കേബിൽ പൈപ്പും അപകട സാദ്ധ്യത കൂട്ടുകയാണ്. ഈ ഭാഗത്തെ ഓവുചാലിന്ന് മുകൾവശത്തെ സിമന്റ് പാളികൾ തകർന്നും തെന്നിമാറിയും കിടക്കുന്നതിനാൽ വിദ്യാർത്ഥികളും സമീപത്തെ ആരാധനാലയത്തിൽ നിന്നും മറ്റും എത്തുന്നവർ റോഡിലിറങ്ങി നടന്നു പോകേണ്ട അവസ്ഥയാണ്. താമരശ്ശേരി ചുരം റോഡിൽ ഗതാഗത തടസമുണ്ടായാൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കണ്ടയ്നർ വാഹനങ്ങൾ ഉൾപ്പെടെ സഞ്ചരിക്കുന്ന പാതയോരത്തെ അപകടാവസ്ഥയ്ക്ക് പരിഹാരം തേടി അധികാരികളെ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം.