കോഴിക്കോട്: തലച്ചോറിലെ രക്തധമനികളിലെ വീക്കം (അന്യൂറിസം) കാരണമുണ്ടാകുന്ന രക്തസ്രാവത്തിന്റെ ചികിത്സ കൈയിലെ അനാട്ടമിക്കൽ സ്‌നഫ് ബോക്‌സ് പിൻഹോൾ ഇന്റർവെൻഷൻ വഴി സാദ്ധ്യമാക്കി കോഴിക്കോട് ആസ്റ്റർ മിംസ്. തലച്ചോറിലെ രക്തസ്രാവത്തിന് വിപ്ലവകരമായ ചികിത്സ കേരളത്തിലാദ്യമായി നടപ്പാക്കുന്നത് കോഴിക്കോട് ആസ്റ്റർ മിംസിലാണെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുൻകാലങ്ങളിൽ തലയോട്ടി തുറന്ന് മസ്തിഷ്‌കത്തിലെ സങ്കീർണമായ ശസ്ത്രക്രിയ വഴിയാണ് ചികിത്സിച്ചിരുന്നത്. പകുതി രോഗികളും മരണപ്പെടുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുവാൻ സാദ്ധ്യതയുള്ളതുമായ രോഗാവസ്ഥയാണ് എസ്.എ. എച്ച് എന്നറിയപ്പെടുന്ന തലച്ചോറിലെ രക്തസ്രാവം. മൂന്ന് രോഗികൾക്ക് ചികിത്സ പൂർണ വിജയകരമായി നൽകാൻ കഴിഞ്ഞു. രോഗികൾക്ക് ഏറെ ആശ്വാസകരവും വേദനരഹിതവുമായ പിൻഹോൾ ഇന്റർവെൻഷൻ വളരെ സുരക്ഷിതമായ പ്രക്രിയയാണ്. ശസ്ത്രക്രിയയോ മുറിവുകളോ പാടുകളോ ഇല്ലാതെയുള്ള ഈ ചികിത്സയിൽ ഒട്ടും രക്തനഷ്ടമോ സങ്കീർണതകളോ ഇല്ല. ചികിത്സാനന്തരം ഒരുമണിക്കൂറിനുള്ളിൽ തന്നെ ദൈനംദിന കാര്യങ്ങളെല്ലാം നിർവഹിക്കാമെന്നത് ഏറെ ആശ്വാസകരമാണ്.ഈ ചികിത്സ സംസ്ഥാനത്ത് ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തേതുമാണ്.

എൻഡോവാസ്‌കുലാർ ന്യൂറോസർജറി (ഡോ. നൗഫൽ ബഷീർ), ന്യൂറോ ആൻഡ് ബോഡി ഇന്റർവെൻഷൻ (ഡോ. മുഹമ്മദ് റഫീഖ്), ഇന്റർവെൻഷണൽ ന്യൂറോളജി (ഡോ. പോൾ ജെ ആലപ്പാട്ട്), ന്യൂറോ അനസ്തീസി യ (ഡോ.കിഷോർ, ഡോ.ബിജു), ന്യൂറോ ക്രിട്ടിക്കൽ കെയർ, ന്യൂറോ റേഡിയോളജി എന്നീ വിഭാഗങ്ങളുടെ കൂട്ടായ്മയിലാണ് ആസ്റ്റർ മിംസ് ഈ ചികിത്സ വിജയകരമായി പൂർത്തീകരിച്ചത്.

ന്യൂറോളജിയുടെ വിഭിന്നങ്ങളായ ചികിത്സാ സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും ലഭ്യതയിൽ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സെന്ററായി കോഴിക്കോട് ആസ്റ്റർ മിംസ് മാറിക്കഴിഞ്ഞെന്ന് ആസ്റ്റർ കേരള ആൻഡ് ഒമാൻ റിജ്യണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡോ. നൗഫൽ ബഷീർ, ഡോ. മുഹമ്മദ് റഫീഖ്, സി.ഇ.ഒ ലുക്മാൻ പൊന്മാടത്ത് എന്നിവർ പങ്കെടുത്തു.