sports
കാലിക്കറ്റ് സർവകലാശാലയിലെ സ്പോർട്‌സ് കോൺവൊക്കേഷൻ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

തേഞ്ഞിപ്പലം: കായികരംഗത്ത് കേരളത്തിന് തന്നെ മാതൃകയായും ചരിത്രം സൃഷ്ടിച്ചും കാലിക്കറ്റ് സർവകലാശാല മുന്നേറുകയാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിൽ കായിക പുരസ്‌കാര ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഖിലേന്ത്യാ അന്തർസർവകലാശാല മത്സരങ്ങളിലെ വിജയികളായി 321 താരങ്ങൾക്കും മികച്ച കോളേജുകൾക്കുമാണ് പുരസ്‌കാരങ്ങൾ നൽകിയത്. ഇത്രയേറെ കിരീടങ്ങൾ നേടുകയും 20 ഒളിമ്പ്യന്മാരെ സൃഷ്ടിക്കുകയും ചെയ്ത കാലിക്കറ്റിനെ അദ്ദേഹം അഭിനന്ദിച്ചു. അടിസ്ഥാന കായിക വിദ്യാഭ്യാസം പ്രൈമറിതലം മുതൽ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് അടുത്ത അദ്ധ്യയനവർഷം മുതൽ തുടക്കമാകുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ കായിക ഇനങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവ് നൽകും. ഇതിനായി താത്കാലികമായി അദ്ധ്യാപകരെ നിയമിക്കും. ഇതുവഴി ഹൈസ്‌കൂൾ തലത്തിലെത്തുമ്പോഴേക്കും നല്ല താരങ്ങളെ കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, ഡോ. കെ.പി. വിനോദ് കുമാർ, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, ഡയറക്ടർ ഡോ. കെ.പി. മനോജ്, കായികാദ്ധ്യാപക സംഘടനാ പ്രസിഡന്റ് ഡോ. ഹരിദയാൽ എന്നിവർ സംസാരിച്ചു.