മലപ്പുറം: മികച്ച കായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2021- 22 അദ്ധ്യയന വർഷത്തെ മികച്ച കോളേജിനുള്ള കാലിക്കറ്റ് സർവകലാശാലയുടെ ഓവറോൾ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കരസ്ഥമാക്കി. തൃശൂർ സെന്റ് തോമസ് രണ്ടാം സ്ഥാനവും ഫാറൂഖ് കോളേജ് മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ യഥാക്രമം സെന്റ് തോമസ്, ക്രൈസ്റ്റ്, ഫാറൂഖ് കോളേജ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. വനിതാ വിഭാഗത്തിൽ തൃശൂർ വിമല, ക്രൈസ്റ്റ് ഇരിങ്ങാലക്കുട, സെന്റ് ജോസഫ്‌സ് ഇരിങ്ങാലക്കുട എന്നിവയാണ് ജേതാക്കൾ. 10000, 9000, 5000 രൂപ ക്രമത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്കും മികച്ച കോളേജുകൾക്ക് 75000, 50000, 25000 രൂപ ക്രമത്തിലും കാഷ് അവാർഡുകൾ നൽകി.