twins
3000​ ​മീ​റ്റ​ർ​ ​സീ​നി​യ​ർ‍​ ​ബോ​യ്‌​സി​ൽ ഒ​ന്നും​ ​ര​ണ്ടും​ ​സ്ഥാ​ന​ങ്ങ​ൾ​ ​നേടിയ ഇ​ര​ട്ട​ ​സ​ഹോ​ദ​ര​ങ്ങ​ളാ​യ​ ​വി​ഘ്‌​നേ​ഷും​ ​വി​നാ​യ​ക​നും.

കോഴിക്കോട് : ഒന്നാമനും രണ്ടാമനും ഒരാളോ?.. 3000 മീറ്ററിൽ ഫിനിഷിംഗ് ലൈനിലേക്ക് കുത്തിച്ചെത്തിയ വിഘ്നേഷിനെയും നാല് സെക്കന്റിന്റെ വ്യത്യാസത്തിൽ രണ്ടാമതെത്തിയ വിനായകനെയും കണ്ട് ആദ്യമൊന്ന് ഞെട്ടി. ഒരേ ജേഴ്സി, ഒരേ രൂപം. ഫിനിഷിംഗ് ലൈൻ കടന്ന ഉടനെ കെട്ടിപ്പിടിച്ച് ഇരുവരും പറഞ്ഞു. "ഞങ്ങൾ ഇരട്ട സഹോദരന്മാരാണ്". ഒരേ ലക്ഷ്യത്തിലേക്ക് ഒരേ മനസോടെ കുതിക്കുന്ന ഇവർക്കിടയിൽ മത്സരമുണ്ട്, പക്ഷേ, അത് ഫിനിഷിംഗ് ലൈൻ വരെ മാത്രം. സ്വർണവും വെള്ളിയും നേടിയതിന്റെ ആവേശത്തിലാണ് ഇരുവരും.

വിഘ്‌നേഷ് 9.38 സെക്കൻഡിലും വിനായക് 9.42 സെക്കൻഡിലും ഫിനിഷിംഗ് ലൈൻ തൊട്ടു. ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളായ ഇരുവരും അഞ്ച് വർഷമായി കോഴിക്കോട് സായിയിൽ നിന്നാണ് പരിശീലനം നടത്തുന്നത്. സായ് കോച്ച് രഘുറാമാണ് പരിശീലകൻ. കടലുണ്ടി ചാലിയം വാകേരി രാജേഷിന്റെയും ഷീനയുടെയും മക്കളാണ്. ഇവരുടെ ഇളയ സഹോദരൻ ത്രിലോകും ട്രാക്കിലിറങ്ങുന്നുണ്ട്. ജൂനിയർ വിഭാഗം 800 മീറ്ററിലാണ് മത്സരം. കടലുണ്ടിയിലെ സ്പോർട്സ് അക്കാഡമിയിലൂടെയാണ് ഇരുവരും പരിശീലനം ആരംഭിച്ചത്. ദേശീയ മീറ്റുകളിലും ഇരുവരും ശ്രദ്ധേയ പ്രകടനം പുറത്തെടുത്തിട്ടുണ്ട്. സൗത്ത് സോൺ അത്‌ലറ്റിക് മീറ്റിൽ 2000 മീറ്റർ സ്റ്റീപിൾ ചേസിൽ വിഘ്നേഷ് വെള്ളി കൊയ്തിരുന്നു.