കോഴിക്കോട്: മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ സമയക്രമം എടുത്തുമാറ്റണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ ശശിതരൂർ എം.പിയ്ക്ക് നിവേദനം നൽകി. ഇന്റിപ്പെൻഡന്റ് കോളേജ് യൂണിയൻ ചെയർപേഴ്സൺ ജസ്റ്റിൻ ബെന്നി, ജനറൽ സെക്രട്ടറി ഹെന്ന, എന്നിവരാണ് ശശി തരൂരിനെയും എം.കെ.രാഘവൻ എം.പിയെയും നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്. വിഷയത്തിൽ ഇടപെടുമെന്നും നടപടിയുണ്ടാകുമെന്നും എംപിമാർ അറിയിച്ചു.

ഹോസ്റ്റലിലെ സമയക്രമം എടുത്തുമാറ്റുക, 24 മണിക്കൂറും ലെെബ്രറി ഉപയോഗിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും. ലേഡീസ് ഹോസ്റ്റൽ പത്ത് മണിക്ക് അടക്കുന്നതിനെതിരെ എം.ബി.ബി.എസ് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ഹോസ്റ്റൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് സമയം മാറ്റാൻ തയ്യാറാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെയാണ് വിദ്യാർത്ഥികൾ ഹെെക്കോടതിയെ സമീപിച്ചത്.