കോഴിക്കോട്: കളക്ട്രേറ്റ് വളപ്പിലും കോടതി സമുച്ചയത്തിലും ജീവൻരക്ഷാ സംവിധാനത്തോടെയുള്ള മെഡിക്കൽ ഫസ്റ്റ് എയ്ഡ് സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
വയോധികരും നിരാലംബരുമായ നിരവധി പേർ ദിനംപ്രതിയെത്തുന്ന കളക്ട്രേറ്റിലും കോടതി സമുച്ചയത്തിലും മെഡിക്കൽ ഫസ്റ്റ് എയ്ഡ് സൗകര്യം സ്ഥാപിക്കുകയാണെങ്കിൽ നിരവധിയാളുകളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് കമ്മിഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു.
കോഴിക്കോട് ജില്ലാകളക്ടറും ജില്ലാമെഡിക്കൽ ഓഫീസറും ഇക്കാര്യം പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ഡിസംബർ 29 ന് കേസ് പരിഗണിക്കും. കളക്ട്രേറ്റിൽ കൂടിക്കാഴ്ചയ്ക്കെത്തിയ ആൾ കുഴഞ്ഞുവീണ് ആശുപത്രിയിൽ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഉത്തരവ്.