കോഴിക്കോട്: പുതിയ വേഗവും പുതിയ ദൂരവും ലക്ഷ്യമാക്കി ചുണക്കുട്ടികൾ ജേഴ്സി അണിഞ്ഞതോടെ റവന്യു ജില്ലാ സ്കൂൾ കായികമേളയുടെ ട്രാക്കിലും ഫീൽഡിലും പിറന്നത് പുതുചരിത്രം. ഒന്നാം ദിനം തന്നെ സെന്റ് ജോസഫ്സ് എച്ച്. എസ്.എസ് പുല്ലൂരാംപാറയുടെ ചിറകിലേറി മുക്കം ഉപജില്ല കുതിപ്പിന് വിസിൽ മുഴക്കി. 11ാമത് ചാമ്പ്യൻഷിപ്പ് നേട്ടം സ്വപ്നം കാണുന്ന മുക്കം ഉപജില്ല അഞ്ച് സ്വർണവും 13 വെള്ളിയും നാല് വെങ്കലവും നേടി 66 പേയന്റോടെ എതിരാളികളെ പിന്നിലാക്കി. അഞ്ച് സ്വർണവും ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പടെ 53 പോയന്റും നേടിയത് പുല്ലൂരാംപാറ സെ്നറ് ജോസഫ്സ് എച്ച്.എസ്.എസാണ്. മൂന്ന് സ്വർണവും മൂന്ന് വെള്ലിയും നാല് വെങ്കലവുമുൾപ്പെടെ 28 പോയന്റ് നേടിയ പേരാമ്പ്ര ഉപജില്ലയാണ് രണ്ടാമത്. നാല് സ്വർണവും ഒന്ന് വീതും വെള്ളിയും വെങ്കലവും നേടിയ ബാലുശേരി ഉപജില്ല 24 പേയന്റോടെ മൂന്നാമതാണ്. സ്കൂളുകളിൽ ഉഷ സ്കൂളിന്റെ കരുത്തിൽ ബാലുശ്ശേരി എ.എം.എച്ച്.എസ്.എസ് പൂവമ്പായി 23 പേയന്റോടെ രണ്ടാമതെത്തി. നാല് സ്വർണവും ഒരു വെള്ളിയുമാണ് സ്കൂളിന്റെ നേട്ടം. പേരാമ്പ്ര സെന്റ് ജോർജ് എച്ച്.എസ്.എസ് കുളത്തുവയർ മൂന്ന് സ്വർണവും ഒന്ന് വീതം വെള്ളിയും വെങ്കലവും നേടി 19 പോയന്റോടെ മൂന്നാമതാണ്. രണ്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടന്ന മേളയിൽ ദീർഘ ദൂര ഇനങ്ങളിൽ നിലവാരം പുലർത്തി. സ്പ്രിന്റ് ഇനങ്ങളിലും മികച്ച പ്രകടനങ്ങൾ ഉണ്ടായി.
കായിക മേള മേയർ ഡോ.ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 17 ഉപജില്ലകളിൽ നിന്നായി അയ്യായിരത്തിൽ പരം വിദ്യാർത്ഥികളാണ് വിവിധ കായിക ഇനങ്ങളിൽ അണിനിരക്കുന്നത്
പരിശീലകൻ ഒ.എം നമ്പ്യാരുടെ മണിയൂരിലെ വീട്ടിൽ നിന്ന് കായികതാരം എ.എം. വിൻസി തെളിയിച്ച ദീപശിഖ പ്രയാണം സ്റ്റേഡിയത്തിൽ വലംവെച്ചു.
ചടങ്ങിൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.രേഖ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. മോഹനൻ, ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, കോഴിക്കോട് ഡി.ഇ.ഒ കെ. പി ധനേഷ്, ജില്ലാ സ്‌പോർട്‌സ് കോ ഓർഡിനേറ്റർ ഡോ. എം ഷിംജിത്ത്, ആർ.ഡി.എസ്.ജി.എ സെക്രട്ടറി മുഹമ്മദ് ഷാഫി, റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.എം.എ നാസിർ തുടങ്ങിയവർ പങ്കെടുത്തു. നാളെ നടക്കുന്ന സമാപന സമ്മേളനം തുറമുഖ -പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.
സുവർണ താരങ്ങൾ
100 മീറ്റർ സബ്ജൂനിയർ ആൺ. - പി.പി. മുഹമ്മദ് റാസി ( എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ)
ഹൈജംപ് സബ്ജൂനിയർ ആൺ. - എസ്. ഇഷാൻ ( കെ.എം. എച്ച്.എസ് കോട്ടയ്ക്കൽ )
ഷോട്ട് പുട്ട് സബ്ജൂനിയർ ആൺ. - മുഹമ്മദ് നസീഹ് ( മണിയൂർ എച്ച്.എസ്.എസ്)
100 മീറ്റർ സബ്ജൂനിയർ പെൺ. - എസ്. കൃഷ്ണേന്ദു ( സെന്റ് ജോർജ് എച്ച്.എസ്.എസ് കുളത്തുവയൽ)
സബ്ജൂനിയർ പെൺ. ലോംഗ് ജംപ് - അൽഫോൺസ ബിജു ( സെന്റ് ജോസഫ്സ് എച്ച്.എസ് പുല്ലൂരാംപാറ)
സബ്ജൂനിയർ പെൺ. ഷോട്ട്പുട്ട് - അഭിനയ ( ജി.വി.എച്ച്.എസ്.എസ് പയ്യോളി)
ഡിസ്കസ് ത്രോ സബ്ജൂനിയർ പെൺ. - സഫ തസ്നിം ( നാഷണൽ എച്ച്.എസ്.എസ് വട്ടോളി)
100 മീറ്റർ ജൂനിയർ ആൺ. - അമൽ പി ( സായ് കോഴിക്കോട്)
3000 മീറ്റർ ജൂനിയർ ആൺ. - ആൽവിൻ മാത്യു ( സെന്റ് ജോർജ്സ് എച്ച്.എസ്.എസ് കുളത്തുവയൽ)
ഷോട്ട് പുട്ട് ജൂനിയർ ആൺ. - എൽഫിൻ ഷെയ്ൻ ( സെന്റ് ജോർജ്സ് എച്ച്.എസ്.എസ് കുളത്തുവയൽ)
100 മി ജൂനിയൽ പെൺ. - അഞ്ജലി പി.വി( എ.എം.എച്ച്.എസ് പൂവമ്പായി)
3000 മി. ജൂനിയർ പെൺ.- ഫാദിയ ഫെബിൻ ഇ.ടി( കുന്ദമംഗലം എച്ച്.എസ്.എസ്)
ഹൈജംപ് ജൂനിയർ പെൺ. - കരോളിന മാത്യു ( സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് പുല്ലൂരാംപാറ)
100 മി. സീനിയർ ആൺ. - അനുഗ്രഹ് പി.ടി ( എ.എം.എച്ച്.എസ്.എസ് പൂവമ്പായി)
3000 മി. സീനിയർ ആൺ. - വിഘ്നേഷ് വി ( സായ് കോഴിക്കോട്)
400മി ഹർഡിൽസ് സീനിയർ ആൺ. - ആദിത്യ കൃഷ്ണ ( കോഴിക്കോട് സായ്)
ലോംഗ് ജംപ് സീനിയർ ആൺ. - അഭിജിത്ത് സി.പി ( സെന്റ് ജോസഫ്സ് എച്ച്.എസ് പുല്ലൂരാംപാറ)
ഹാമർ ത്രോ സീനിയർ ആൺ. - ജോർജി ജോ ഫിലിപ്പ് ( ജെ.എൻ.എം ജി.എച്ച്.എസ് പുതുപ്പണം)
100 മി. സീനിയർ പെൺ. - ലക്ഷ്മി പ്രിയ ( ജി.എച്ച്.എസ്.എസ് പയിമ്പ്ര)
3000 മി. സീനിയർ പെൺ. - സ്വാത്വിക സജീവ് ( സെന്റ് ജോസഫ്സ് എച്ച്.എസ് പുല്ലൂരാംപാറ)
400 മി. ഹർഡിൽസ് സീനിയർ പെൺ. - നയന ജോസ് ( എ.എം.എച്ച്.എസ്.എസ് പൂവമ്പായി)
ലോംഗ് ജംപ് സീനിയർ പെൺ. - ദേവനന്ദ പി.എം( കടത്തനാട് രാജാസ് എച്ച്.എസ് പുറമേരി)
ഹൈജംപ് സീനിയർ പെൺ. - അൻഹ ഫാത്തമ പി.കെ ( ചക്കാലക്കൽ എച്ച്.എസ് മടവൂർ)
400മി ജൂനിയർ ആൺ. - മിലൻ തോമസ് ( സെന്റ് ജോസഫ്സ് എച്ച്.എസ് പുല്ലൂരാംപാറ)
400മി ജൂനിയർ പെൺ. - നന്ദിനി സീതാറാം ( എ.എം.എച്ച്.എസ്.എസ് പൂവമ്പായി)