kothi
കോതി പള്ളിക്കണ്ടിയിലെ മാലിന്യസംസ്കരണ പ്ളാന്റിന്റെ നിർമാണപ്രവർത്തനം തടയാനെത്തിയ പ്രദേശവാസികളും ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാറും ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു.

കോഴിക്കോട്: ആവിക്കലിലെ മാലിന്യസംസ്‌കരണ പ്ലാന്റിനെതിരെ ജനരോഷമിരമ്പുമ്പോൾ കോതിയിലും പ്രതിഷേധമടങ്ങുന്നില്ല. ഇന്നലെ കോതിയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധിക്കാനെത്തിയ നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ്ചെയ്തു നീക്കി. പ്ലാന്റ് നിർമ്മാണം ആരംഭിച്ചതിന് പിന്നാലെ നാട്ടുകാർ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സ്റ്റേ നീക്കിയതിന് പിന്നാലെ പ്ലാന്റിനായി കണ്ടെത്തിയ സ്ഥലത്ത് ചുറ്റുമതിൽ സ്ഥാപിക്കാൻ ഉദ്യോ​ഗസ്ഥർ എത്തിയപ്പോഴാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധമാരംഭിച്ചത്.

മേയറുടെ നിർദ്ദേശപ്രകാരം രാവിലെ 9.30 തോടെ കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ എം.എസ് ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സംഘത്തിനൊപ്പമുണ്ടായിരുന്നു. ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. സംഘം നിർമ്മാണം ആരംഭിച്ചതോടെ നാട്ടുകാർ പ്രതിഷേധമാരംഭിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഹെെക്കോടതി ഉത്തരവ് കാണണമെന്നും അല്ലാതെ നിർമ്മാണം അനുവദിക്കില്ലെന്നും പറഞ്ഞാണ് നാട്ടുകാർ പ്രതിഷേധിച്ചത്. വലിയ തോതിലുള്ള പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നെങ്കിലും പൊലീസ് ശക്തമായി നേരിട്ടു. ബലം പ്രയോ​ഗിച്ചാണ് ഇവരെ പൊലീസ് നീക്കംചെയ്തത്. പ്രദേശവാസികളായ ഹംസക്കോയ, മുഹമ്മദ് സിനാൻ എന്നിവരെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റുചെയ്തു നീക്കി. മാത്രമല്ല, പരിസരത്തു നിന്നവരെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

പ്ലാന്റിനായി കണ്ടെത്തിയ സ്ഥലത്ത് അതിരുകെട്ടിയും ചെറിയ നിർമ്മാണങ്ങൾ പൊളിച്ചുനീക്കിയുമുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ, മുസ്ലീംലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാഖ്, കൗൺസിലർ മൊയ്തീൻകോയ, ജനകീയ പ്രതിരോധ സമിതി ചെയർമാൻ ഫെെസൽ പള്ളിക്കണ്ടി തുടങ്ങിയവർ സംഭവസ്ഥലത്തെത്തി പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധക്കാർ കല്ലായി പാലത്തിനടുത്ത് റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച മുഹമ്മദ് അജ്മൽ, ഷാഹുൽ ഹമീദ്, അബ്ദുൾ മനാഫ്, വഹാനിസ്, മുഹമ്മദ് അൽസൽ, നിഹാൽ, സജാദ് അലി എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

നഗരപ്രദേശങ്ങളിലെ കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിനായാണ് കോതിയിൽ സംസ്‌കരണ പ്ലാന്റ് ആരംഭിക്കുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും കോർപ്പറേഷന്റെയും സഹകരണത്തിൽ അമൃത് പദ്ധതി വഴിയാണ് മലിനജല സംസ്‌കരണ പദ്ധതി നടപ്പാക്കുന്നത്. ഇത്തരം പദ്ധതികൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലല്ല സ്ഥാപിക്കേണ്ടതെന്നാണ് സമരക്കാരുടെ നിലപാട്. കല്ലായിപ്പുഴയുടെ തീരത്ത് പുഴ കൈയേറി നിർമിക്കുന്ന പ്ലാന്റിനെതിരെ വലിയ സമരങ്ങളാണ് മാസങ്ങൾക്ക് മുമ്പ് കോതിയിൽ നടന്നത്. സംഘർഷം പതിവായതോടെ സമരസമിതി പ്രവർത്തകരും നാട്ടുകാരും ഹൈക്കോടതിയെ സമീപിക്കുകയും നിർമ്മാണത്തിന് ഹെെക്കോടതി സ്റ്റേ അനുവദിക്കുകയുമായിരുന്നു.

@ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ

സമീപിക്കും; ജനകീയ പ്രതിരോധസമിതി

സി.ആർ.സെഡ് .എ. കാറ്റഗറിയിൽപെട്ട കല്ലായിപ്പുഴയിൽ പുഴ നികത്തി സി വറേജ് ട്രീറ്റ് മെന്റ് പ്ലാന്റിന് മാനദണ്ഡങ്ങൾ പാലിച്ച് അനുമതി നൽകിയ കോടതി വിധിക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് ജനകീയ പ്രതിരോധസമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി പറഞ്ഞു. കല്ലായിപ്പുഴയിലെ കൈയ്യേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ബെഞ്ച് ഒരു ഭാഗത്ത് വിധി പറയുമ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുകൂലമായി മറ്റൊരു സിംഗിൾ ബെഞ്ചിന്റെ വിധി പുഴയുടെ നാശത്തിന് കാരണമാകുമെന്നും ജനവാസ മേഖലയിൽ മാലിന്യപ്ലാന്റ് നിർമ്മിക്കുന്നതിൽ നിന്ന് അധികാരികൾ പിൻമാറണമെന്നും ആവശ്യപ്പെട്ടു.