amal
പി. അമൽ

കോഴിക്കോട്: ഓടിയും ചാടിയും ചേട്ടന്മാരെ മറികടന്ന് അമലിന്റെ മുന്നേറ്റം. ഇനിയുമേറെ നേടാനുണ്ടെന്ന ഉറച്ച ബോദ്ധ്യത്തോടെ. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച് സീനിയർ താരങ്ങളെ മറികടന്ന അമൽ രണ്ടാം ദിനവും മീറ്റിലെ വേഗമേറിയ താരമായി. ലോംഗ് ജംപിലായിരുന്നു കോഴിക്കോട് സായിയിലെ മിടുക്കന്റെ നേട്ടം. 6.38 മീറ്റർ ദൂരം താണ്ടിയാണ് അമൽ രണ്ടാം സ്വർണം സ്വന്തമാക്കിയത്. സീനിയർ താരങ്ങളെ വെല്ലുന്ന പ്രകടനമാണ് അമൽ കാഴ്ചവെച്ചത്. സീനിയർ വിഭാഗത്തിൽ ഒന്നാമതെത്തിയ താരം 6.29 മീറ്ററാണ് മറികടന്നത്. 100 മീറ്ററിൽ സീനിയർ വിഭാഗത്തിൽ 11.4 സെക്കന്റിൽ ഓടിയെത്തിയ താരം ഒന്നാമതെത്തിയപ്പോൾ ജൂനിയർ വിഭാഗത്തിൽ മത്സരിച്ച അമൽ ഫിനിഷ് ചെയ്തത് 11 സെക്കൻഡിലാണ്. 10.90 സെക്കൻഡായിരുന്നു സ്റ്റേറ്റ് റെക്കാർഡ്. ഇനി 200 മീറ്ററിൽ കൂടി ഒന്നാമതെത്തി ട്രിപ്പിൾ സ്വർണം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് അമൽ.

100 മീറ്റർ 200 ൽ സ്ഥിരമായി മത്സരിക്കുന്ന അമൽ ആദ്യമായാണ് ലോംഗ് ജംപിൽ ഒരു കൈ നോക്കിയത്. കോഴിക്കോട് ഗവ. മോഡൽ എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കോഴിക്കോട് സായിയിലെ രഘുറാമാണ് പരിശീലകൻ. കടലുണ്ടി ചാലിയം വളഞ്ചേരി വീട്ടിൽ ധർമരാജന്റെയും സരിതയും മകനാണ്‌.