വടകര: ലഹരിക്കെതിരെ ജനകീയ പ്രതിരോധം അനിവാര്യമാണെന്ന് വടകര റേഞ്ച് എക്സൈസ് പ്രീവന്റീവ് ഓഫീസർ രാമചന്ദ്രൻ തറോൽ. 'കൈ കൊടുക്കാം എഴുന്നേൽക്കാൻ' എന്ന ലഹരിക്കെതിരെയുള്ള യുവജന പ്രതിരോധം കാമ്പയിൻ ജില്ലാതല ഉദ്ഘാടനം വടകരയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് കെ. നൂഹ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി. ഫൈസൽ പൈങ്ങോട്ടായി, ഭരതൻ കുട്ടോത്ത്, ഡോ.ഷറഫുദ്ദീൻ കടമ്പോട്ട്, ടി.കെ. അലി പൈങ്ങോട്ടായി, യു.മൊയ്തു, റാഷിദ് കോട്ടക്കൽ എന്നിവർ പ്രസംഗിച്ചു. തനിമ നാദാപുരം അവതരിപ്പിച്ച ഡോക്കോ മ്യൂസിക് 'മരണക്കെണി' പ്രദർശിപ്പിച്ചു. ബൈക്ക് റാലി, കൊളാഷ് പ്രദർശനം, പെയിന്റിംഗ്, കവിതാലാപനം, ഏകാംഗ നാടകം തുടങ്ങിയവയും അരങ്ങേറി.