കോഴിക്കോട്: കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ നെഹ്റുവിനെ ഓർക്കണമെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി. ടൗൺഹാളിൽ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഘപരിവാർ അധികാരത്തിൽ പിടിമുറുക്കിയപ്പോൾ അവർ ആദ്യം ലക്ഷ്യമിട്ടത് നെഹ്റുവിനെയാണ്. ഒരു വ്യാജ കത്ത് ഉയർത്തിക്കൊണ്ടുവന്ന് അത് നെഹ്റു ഹിറ്റ്ലർക്ക് എഴുതിയതാണെന്ന് പ്രചരിപ്പിച്ചു. എന്നാൽ കോൺഗ്രസ് നേതൃത്വം അത് കണ്ട ഭാവം നടിച്ചില്ല. ആ കത്തും അതിലെ ഭാഷയും നെഹ്റുവിന്റേതല്ലെന്ന് വ്യക്തമാണ്. രാജ്യത്തിന്റെ രാഷ്ട്രീയഗതി നിയന്ത്രിക്കുന്നതിനോ മോദി ഭരണകൂടത്തെ താഴയിറക്കുന്നതിനോ ഉള്ള വലിപ്പമൊന്നും ഇന്ന് കോൺഗ്രസിനില്ല. രാജ്യത്തെങ്ങും സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഉയർന്നുവരുന്ന മുന്നേറ്റത്തിൽ കോൺഗ്രസ് ചേർന്നാൽ അത് അവർക്ക് കൊള്ളാം. ഇന്ന് കോൺഗ്രസിലെ ചർച്ചകളെല്ലാം തലക്കെട്ടിന് വേണ്ടി മാത്രമാകുകയാണ്. രാത്രി ഉറങ്ങാൻ കിടക്കുന്ന കോൺഗ്രസുകാർ നേരംവെളുക്കുമ്പോഴേക്ക് ആർ.എസ്.എസുകാരാകുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജീവിതം പുനർവായനയ്ക്ക് വിധേയമാക്കേണ്ട കാലം അതിക്രമിച്ചുവെന്ന് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ കേന്ദ്രമന്ത്രിയും കെ.പി.സി.സി മുൻ അദ്ധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ കമ്മിറ്റി പ്രസിഡന്റ് ഡോ.എൻ.പി.ഹാഫിസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ.എ അസീസ് സ്വാഗതവും സെക്രട്ടറി എം.പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.