child-marriage

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ബാലവിവാഹം നടത്തിയ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും വരനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. കുന്ദമംഗലം പെരിങ്ങത്തൂർ സ്വദേശികളായ യു. ഇബ്രാഹിം, ആയിഷ ബൈത്തല്ലൂർ, വരൻ ഇ. മുഹമ്മദ് ജുനൈദ് (25) എന്നിവർക്കെതിരെയാണ് ജില്ലാ ശിശു വികസന ഓഫീസറുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. വിവാഹത്തിന് കാർമികത്വം വഹിച്ചവരെയും പ്രതികളാക്കുമെന്ന് മെ‌ഡിക്കൽ കോളേജ് അസി.കമ്മിഷണർ കെ.സുദർശൻ പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം ആവശ്യമെങ്കിൽ പോക്സോ കേസുമെടുക്കും.

നവംബർ 18ന് കുറ്റിക്കാട്ടൂരിലെ ഒരു മതസ്ഥാപനത്തിലാണ് 17 വയസുകാരിയുടെ വിവാഹം നടന്നത്. ചെെൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വധുവിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. പെൺകുട്ടിക്ക് അടുത്ത ഏപ്രിലിലേ 18 വയസ് പൂർത്തിയാവുകയുള്ളൂ.