waste
കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ ശുചിമുറി മാലിന്യം പരന്നൊഴുകുന്നു

കൊയിലാണ്ടി: താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ ശുചിമുറി മാലിന്യം പരന്നൊഴുകുന്നത് തടയാൻ മാസങ്ങളായിട്ടും നടപടിയില്ല. ആശുപത്രി നവീകരണത്തിനായി പഴയ കെട്ടിടം പൊളിച്ച് നീക്കുമ്പോൾ പൊട്ടിയ പൈപ്പിലൂടെയാണ് ആശുപത്രിയുടെ വടക്ക് ഭാഗത്തേക്ക് മാലിന്യം പരന്നൊഴുകുന്നത്. മോർച്ചറി, ഓഫീസ്, പ്രതിരോധ വാക്സിൻ സെന്റർ എന്നിവ പ്രവർത്തിക്കുന്നത് ഈ ഭാഗത്താണ്. കോമ്പൗണ്ടിനോട് ചേർന്നാണ് സിവിൽ സപ്ലൈസിന്റെ സൂപ്പർ മാർക്കറ്റുമുണ്ട്. അസഹ്യമായ ദുർഗന്ധം കാരണം രോഗികളും കൂട്ടിരിപ്പു കാരും മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയിലാണ്. രോഗ ഭീതിയുമുണ്ട്.

ഇക്കാര്യം പലതവണ രോഗികൾ ചൂണ്ടിക്കാട്ടിയെങ്കിലും ആശുപത്രി അധികൃതർക്കും മുനിസിപ്പാലിറ്റിക്കും അനങ്ങാപാറ നയമാണെന്നാണ് ആരോപണം. എന്നാൽ കെട്ടിടം പൊളിച്ച് നീക്കാൻ കരാറെടുത്തയാളെ പല തവണ ബന്ധപ്പെട്ടെങ്കിലും ഉചിതമായ മറുപടി ലഭിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രി വികസന സമിതി യോഗം ചേരാറുണ്ടെങ്കിലും ശുചി മുറി മാലിന്യപ്രശ്നം മാത്രം ചർച്ചയാകാറില്ല. രണ്ടായിരത്തിലധികം രോഗികൾ എത്തുന്ന താലൂക്കിലെ പ്രധാന സർക്കാ‌ർ ആശുപത്രിയാണിത്. പുതിയ സൂപ്രണ്ട് ചുമതലയേറ്റപ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്നായിരുന്നു നാട്ടുകാർ കരുതിയത്. ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ സൂപ്രണ്ടിന്റെ ജാഗ്രത സജീവമായി ഉണ്ടാകുമെന്ന് സ്ഥലം എം.എൽ.എയും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല.