കോഴിക്കോട്: ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്ക്പരിചരണമൊരുക്കാൻ ബീച്ച് ആശുപത്രിയിൽ ആരംഭിക്കാനിരുന്ന ഇലക്ട്രോണിക്സ് അമ്മത്തൊട്ടിൽ നിർമാണം പാതിവഴിയിൽ. കഴിഞ്ഞ വർഷം ഭരണാനുമതിയായ പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി മേയ് മാസത്തിൽ നിർമാണം തുടങ്ങാനിരുന്നതാണ്. എന്നാൽ പ്രവൃത്തി ഏറ്റെടുത്തിരുന്ന കെ.എസ്.ഐ.ഇ (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയർ എന്റർപ്രൈസസ് ലിമിറ്റഡ്) കമ്പനി പിന്മാറിയോടെ പദ്ധതി നിലയ്ക്കുകയായിരുന്നു. അതേസമയം നിർമാണം പി.ഡബ്യു.ഡിയ്ക്ക് കെെമാറിയതായും എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും ശിശുവികസന വകുപ്പ് അധികൃതർ വ്യക്തമാക്കി. എ പ്രദീപ് കുമാർ എം.എൽ.എയായിരിക്കെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് അമ്മത്തൊട്ടിൽ സ്ഥാപിക്കാൻ തുക അനുവദിച്ചത്. ബീച്ച് ആശുപത്രി നവീകരണ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി സ്ഥലവും കണ്ടെത്തി. 24,11,000 രൂപയായിരുന്നു പദ്ധതിയ്ക്കായി വകയിരുത്തിയിരുന്നത്.
@ പ്രവർത്തനം ഇങ്ങനെ
ബീച്ചാശുപത്രിയുടെ തെക്ക് ഭാഗത്തെ റോഡിൽ നിന്ന് പ്രവേശിക്കുന്ന വിധത്തിലാണ് തൊട്ടിൽ നിർമാണം.
കുഞ്ഞുമായി പ്രവേശന കവാടത്തിലെത്തുമ്പോൾ വാതിൽ തനിയേ തുറക്കും. തൊട്ടിലിൽ കിടത്തി കഴിഞ്ഞാൽ വാതിൽ അടയും. ഇതോടെ ആശുപത്രിയിലെ നവജാത ശിശു വിഭാഗം ഐ.സി.യുവിൽ സൈറൺ മുഴങ്ങുകയും ബന്ധപ്പെട്ടവർ വിവരം അറിയുകയും ചെയ്യും. ആശുപത്രി അധികൃതർ എത്തുംവരെ കുഞ്ഞിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങളെല്ലാം തൊട്ടിലിലുണ്ടാകും. തുടർന്ന് കുഞ്ഞിന്റെ ആരോഗ്യപരിശോധനകൾ പൂർത്തിയാക്കി ജില്ലാ വനിതാ ശിശു വികസന വകുപ്പിന് കെെമാറും.
'' കെ.എസ്.ഐ.ഇ നിർമാണ ചുമതലയിൽ നിന്ന് പിന്മാറിയതോടെ പദ്ധതി നിർവഹണത്തിനായി പി.ഡബ്ല്യു.ഡിയെ ഏൽപ്പിച്ചിരിക്കുകയാണ്. എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട യോഗം ഇന്ന് നടക്കും. അതിൽ നിർമാണം എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കും''- അബ്ദുൾ ബാരി - ജില്ലാ ശിശു വികസന ഓഫീസര്‍