അത്തോളി: കന്നൂർ ഗവ.എൽ.പി സ്‌കൂളിൽ ആരംഭിച്ച സ്മാർട്ട് സ്കൂളിന്റെ സമാപനോത്സവം അദ്ധ്യാപകനും എഴുത്തുകാരനുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി. സ്വാഗതസംഘം ചെയർമാൻ ടി.കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ സതീശൻ, സ്മാർട്ട് കോ ഓർഡിനേറ്റർ ഷാജി കുട്ടോത്ത്, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ബീന, വാർഡ് മെമ്പർമാരായ ഗീത പുളിയാറയിൽ, രേഖ കടവത്ത്കണ്ടി, സുജാത നമ്പൂതിരി, പ്രേമചന്ദ്രൻ, എസ്.എം.സി ചെയർമാൻ ഷൈജു ആനവാതിൽ, പി.ടി.എ പ്രസിഡന്റ് ബിജു ഐശ്വര്യ, എം.പി.ടി.എ പ്രസിഡന്റ് ബബിത, സ്മാർട്ട് സ്‌കൂൾ കോ ഓർഡിനേറ്റർ കെ.സജീവൻ എന്നിവർ പ്രസംഗിച്ചു. 'സമർത്ഥനായ രക്ഷിതാവിന്റെ മിടുക്കനായ കുട്ടി' എന്ന വിഷയത്തിൽ ഷാജൽ ബാലുശ്ശേരി ക്ലാസെടുത്തു. സ്‌കൂൾ പരിധിയിലെ ആറ് പ്രദേശങ്ങളിലെ പൊതുപ്രവർത്തകരുടെയും റിട്ട. അദ്ധ്യാപകരുടെയും അദ്ധ്യാപക പരിശീലനം പൂർത്തീകരിച്ചവരുടെയും പിന്തുണയോടെ നടപ്പിലാക്കിയ രാത്രികാല അയൽപക്ക പഠനപദ്ധതിയാണ് സ്മാർട്ട് സ്‌കൂൾ. മലയാളം എഴുതാനും വായിക്കാനും പ്രയാസമുണ്ടായിരുന്ന 77 കുട്ടികളുടെ പ്രശ്നങ്ങൾ സ്മാർട്ട് കേന്ദ്രങ്ങളിൽ നടത്തിയ 30 ദിവസം നീണ്ട പഠനപരിപാടിയിലൂടെ പരിഹരിച്ചു.