പേരാമ്പ്ര: ഉപ്പ് തൊട്ട് കർപ്പുരത്തിന് വരെ തീ വില. ഭക്ഷ്യവസ്തുക്കളുടെ വിലകയറ്റം അനുദിനം വർദ്ധിച്ചതോടെ ഗ്രാമീണ ജനതക്ക് ആശ്രയമായി മാറുകയാണ് മാവേലി സ്റ്റോറുകളും കുടുംബശ്രീ ഹോട്ടലുകളും. വിപണിയിൽ അരി,പയറുവർഗങ്ങൾ, സോപ്പ് , ടൂത്ത് പേയ്സ്റ്റ് തുടങ്ങിയ സാധനങ്ങൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ വിലകുത്തനെ ഉയരുകയാണ്. വില വർദ്ധന പിടിച്ചു നിർത്താൻ സർക്കാർ പല പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും ഇവ വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപമുയർന്നു. പല മാവേലി സ്റ്റോറുകളിലും സബ്സിഡി സാധനങ്ങൾ വേണ്ടത്ര ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മാവേലി സ്റ്റോറുകളിൽ എത്തുന്ന സാധാനങ്ങൾ മാസം ആദ്യവാരം തന്നെ തീർന്നുപോകുന്നു. ഇത് മുഴുവൻ ജനങ്ങൾക്കും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. പല സബ്സിഡി സാധനങ്ങളും ഒരു ആഴ്ച പോലും സ്റ്റോറുകളിൽ ഉണ്ടാവുന്നില്ല. വെളിച്ചെണ്ണ, പയറു വർഗങ്ങൾ, മുളക്, പഞ്ചസാര തുടങ്ങിയ സബ്സിഡി ഉത്പന്നങ്ങൾ മുഴുവൻ ജനക്കൾക്കും യഥാസമയം ലഭ്യമാകുന്നില്ലെന്നാണ് പരാതി . കാർഷികോത്പന്നങ്ങളുടെ വില തകർച്ച ഗ്രാമ മേഖലകളിലെ തൊഴിൽ ലഭ്യതയെയും ചെറുകിട തൊഴിൽ സംരംഭങ്ങളെയും ബാധിച്ചിരിക്കുകയാണ്. പല കുടുംബങ്ങളും തൊഴിലുറപ്പ് പദ്ധതിയിലാണ് പുലരുന്നത്. ഈ മേഖലയിൽ കൂലി മാസങ്ങളായി മുടങ്ങിയതായും തൊഴിലാളികൾ പറഞ്ഞു .

എങ്ങനെ ജീവിക്കും

വന്യജീവികളുടെ ശല്യം കാരണം യാതൊരു കൃഷിയും ചെയ്യാൻ കഴിയാതെ നട്ടംതിരിയുകയാണ്
മലയോരം. സ്വന്തമായി കൃഷി ഭൂമിയുള്ളവർക്ക് കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥ. കിട്ടുന്ന തുക നിത്യ ചെലവിനെയും ബാധിക്കുന്ന ഘട്ടത്തിൽ മാവേലി സ്റ്റോറുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കി മുഴുവൻ ജനങ്ങൾക്കും ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ദരിദ്ര ജനവിഭാഗങ്ങൾക്ക് റേഷൻ കടകൾ വഴി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യണമെന്നും
നാട്ടുകാർ ആവശ്യപ്പെട്ടു.