
കോഴിക്കോട്: കോർപ്പറേഷന്റെ മലിനജല സംസ്കരണ പ്ലാന്റിനെതിരെ സമരം ശക്തമാക്കാൻ സമരസമിതി. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിരോധ സമിതി കോതിയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ നടത്തിയ ഹർത്താൽ പൂർണം.
കോതിയുൾപ്പെടെ 57, 58, 59 വാർഡുകളിലെ പള്ളിക്കണ്ടി, കോതി, നൈനാംവളപ്പ്, കുണ്ടുങ്ങൽ, ഇടിയങ്ങര, മുഖദാർ, കൊത്തുകല്ല് എന്നിവിടങ്ങളിലാണ് ഹർത്താൽ നടന്നത്. രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ ഹർത്താൽ പ്രഖ്യാപിച്ചാൽ ബാധിക്കാത്ത പ്രദേശമാണ് നൈനാംവളപ്പും കോതിയുടെ പലഭാഗങ്ങളും. ഇവിടങ്ങളിലെ കടകമ്പോളങ്ങൾ ഇന്നലെ നടന്ന ഹർത്താലിൽ അടഞ്ഞുകിടന്നത് വേറിട്ട കാഴ്ചയായി.
കോതി മാലിന്യ പ്ലാന്റിനെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. എന്തുവിലകൊടുത്തും പൊലീസിനെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് കോർപ്പറേഷൻ പ്രഖ്യാപിക്കുമ്പോൾ മരിക്കേണ്ടി വന്നാലും നേരിടുമെന്നാണ് നാട്ടുകാരുടെ പക്ഷം. നിർമാണ പ്രവൃത്തികളുമായി വന്നാൽ ഇന്നുമുതൽ തടയുമെന്ന് പ്രതിരോധ സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടിയും വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിർമാണ പ്രവൃത്തിക്ക് സംരക്ഷണവുമായെത്തിയ പൊലീസ് നടപടി വലിയ പ്രതിഷേധത്തിലാണ് കലാശിച്ചത്. റോഡിൽ കല്ലും മരത്തടികളിട്ടും ടയർ കത്തിച്ചും സമരക്കാർ പൊലീസിനെ നേരിട്ടപ്പോൾ നാല് അസി.കമ്മിഷണർമാരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പൊലീസുകാരാണ് പ്രതിഷേധത്തെ അടിച്ചമർത്തിയത്. സ്ത്രീകളെ അറസ്റ്റുചെയ്യാനുള്ള ശ്രമം വലിയ സംഘർഷാവസ്ഥയിലേക്ക് നീങ്ങി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്നലെ ഹർത്താൽ നടത്തിയത്. ഹർത്താലിന്റെ ഭാഗമായി വൈകിട്ട് ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. തുടർന്നു നടന്ന യോഗത്തിൽ ജനകീയ പ്രതിരോധ സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ യു.സജീർ , ടി.വി.സക്കീർ ഹുസൈൻ, വി.റാസിക് , എൻ.വി.സുബൈർ, ടി.ദാവൂദ്, പി.വി.ഷിജിൽ, തൽഹത്ത് വെള്ളയിൽ, അശറഫ് ഇ.പി എന്നിവർ പ്രസംഗിച്ചു.
സമരസമിതി പ്രഖ്യാപിച്ച ഹർ്ത്താലിനെ തുടര്ന്ന് മലിനജല സംസ്കരണ പ്ലാന്റിന്റെ നിർമാണം താത്കാലികമായി നിര്ത്തിവെച്ചു. പ്രദേശത്ത് ചുറ്റുമതിൽ നിർമിക്കാനുള്ള കോർപ്പറേഷന് നീക്കത്തിനെതിരെ രണ്ടാം ദിനവും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. അതിനിടെ സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ ചെമ്മങ്ങാട് പൊലീസ് ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തു.
അനുകൂലിച്ചവരും പുറം തിരിഞ്ഞ്നിൽക്കുന്നു: മേയർ
കോഴിക്കോട്: കോതി മലിനജല സംസ്കരണ പ്ലാന്റ് നിർമാണത്തെ അനുകൂലിച്ചവരും പുറം തിരിഞ്ഞ് നിൽക്കുകയാണെന്ന് മേയർ ഡോ.ബീന ഫിലിപ്പ്. എ.കെ രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ അടക്കമുള്ളവർ പദ്ധതിയെ അനുകൂലിച്ചിരുന്നു. പിന്നീട് നിലപാട് മാറ്റി. തുടക്കത്തിൽ വ്യക്തിപരമായി ആശങ്കകൾ ഉണ്ടായിരുന്നു. വിഷയം പഠിച്ചതോടെ ജനങ്ങൾക്ക് ദ്റോഹമല്ലെന്ന് മനസിലായി. എല്ലായിടത്തുമുള്ള പദ്ധതിയായതിനാൽ പ്ലാന്റുമായി മുന്നോട്ട് പോകുമെന്നും മേയർ പറഞ്ഞു.