ee

കോഴിക്കോട്: ലോകകപ്പ് ഫുട്‌ബാൾ ലഹരിയിൽ നാട് മുങ്ങുമ്പോൾ ദൈവത്തെ മറന്നുള്ള താരാരാധന പാടില്ലെന്നും പോർച്ചുഗൽ ഉൾപ്പെടെയുളള രാജ്യങ്ങളുടെ പതാകയേന്തുന്നതും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ശരിയായ രീതിയല്ലെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്യുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള ഖുത്വബാ കമ്മിറ്റിയുടെ സന്ദേശം വിവാദമായി.

ഫുട്‌ബാൾ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നും സന്ദേശത്തിൽ ഖുത്വബാ കമ്മിറ്റി ജനറൽ സെക്രട്ടറിയും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി നിർദ്ദേശിച്ചു. വെള്ളിയാഴ്ച നിസ്‌കാരത്തിന് ശേഷം പളളികളിൽ ഇതുസംബന്ധിച്ച് നടത്തേണ്ട പ്രസംഗത്തിന്റെ കുറിപ്പും ഖത്തീബുമാർക്ക് കൈമാറി. സമൂഹ മാദ്ധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചു.

ലോകകപ്പ് തുടങ്ങിയശേഷം വിശ്വാസികൾ നിസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് സന്ദേശമെന്ന് നാസർ ഫൈസി പറഞ്ഞു. വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോഴും കളിക്കമ്പം ലഹരിയോ ജ്വരമോ ആകരുത്. താരാരാധനയല്ല, ദൈവാരാധനയാണ് വേണ്ടത്. ഉറക്കമൊഴിഞ്ഞ് കളി കാണരുത്. രാത്രി ഫുട്‌ബാൾ മത്സരം കാണുന്നതിലൂടെ നിസ്‌കാരം ഉപേക്ഷിക്കുന്ന രീതി ശരിയല്ല. ലക്ഷങ്ങൾ മുടക്കി കട്ടൗട്ടുകൾ ഉയർത്തുന്നത് ദുർവ്യയമാണ്. തൊഴിലില്ലാത്തവർ പോലും ഇതിനു തയ്യാറാകുന്നത് ആശ്ചര്യകരമാണെന്നും ഫൈസി പറഞ്ഞു. ഇത് വിവാദമായതോടെ സമൂഹ മാദ്ധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് ഉയരുന്നത്. മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീറും ഇതിനെതിരെ രംഗത്തെത്തി.

വ്യക്തി സ്വാതന്ത്ര്യത്തിൽ

കൈകടത്തരുത്: മന്ത്രി ശിവൻകുട്ടി

സമസ്തയ്ക്ക് എന്തും നിർദ്ദേശിക്കാം,​ എന്നാൽ അത് സ്വീകരിക്കണോ വേണ്ടയോ എന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഫുട്‌ബാൾ കാണണോ വേണ്ടയോ എന്നത് വ്യക്തികളുടെ അവകാശമാണ്. അതിനുമേൽ കൈകടത്താൻ ആർക്കും അവകാശമില്ല.

ലോകകപ്പ് നാടിന്റെ

ആവേശം: മുനീർ

ലോകകപ്പ് നാടിന്റെ ആവേശമാണെന്നും കുട്ടികൾ മാത്രമല്ല, മുതിർന്നവരും ആവേശത്തോടെ കാണുന്നതാണ് ഫുട്‌ബാളെന്നും മുസ്ലിംലീഗ് നേതാവ് ഡോ.എം.കെ.മുനീർ. സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണം. എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ട്. അതവരുടെ സ്വാതന്ത്ര്യം. അമിതാവേശത്തിൽ എന്തെങ്കിലും സംഭവിക്കാതെ നോക്കണം.