
ഫറോക്ക് : സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന "ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് " സീസൺ 2 ഡിസംബർ 24 മുതൽ 28 വരെ നടക്കും. ബേപ്പൂർ മറീന ബീച്ചും ചാലിയാറും കേന്ദ്രീകരിച്ചാവും പ്രധാന പരിപാടികൾ. ജല കായിക മത്സരങ്ങളിലൂടെ വാട്ടർ ഫെസ്റ്റ് തുടക്കത്തിലെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. മേളയുടെ രണ്ടാം സീസൺ വിപുലമായി സംഘടിപ്പിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം. ഫെസ്റ്റിൻ്റെ ഭാഗമായി ബേപ്പൂർ മണ്ഡലത്തിലെ ഓഷ്യനസ് ചാലിയം , നല്ലൂർ മിനി സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ പരിപാടികൾ നടത്തും.
ജലസാഹസിക കലാപ്രകടനങ്ങൾ, ജല കായിക മേള , ജലഘോഷയാത്ര , കലാപരിപാടികൾ , ഭക്ഷ്യമേള തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. രാജ്യാന്തര തലത്തിൽ ശ്രദ്ധയാകർഷിച്ച കയാക്കിംഗ് , കനോയിംഗ് , പാരാ സെയിലിംഗ് , സ്പീഡ് ബോട്ട് റെയ്സ്, വാട്ടർ സ്കിയിംഗ്, പവർ ബോട്ട് റെയ്സിംഗ് , യാട്ട് റെയ്സിംഗ്, വുഡൻ ലോഗ് (ഉരുളൻ തടി) റെയ്ഡിംഗ് ,ടിമ്പർ റാഫ്റ്റിംഗ് (തൊരപ്പൻ കുത്തൽ) , പരമ്പരാഗത പായ വഞ്ചിയോട്ടം , ഫ്ലോട്ടിംഗ് സംഗീത പരിപാടികൾ , ലൈറ്റ് ഷോകൾ , മത്സ്യത്തൊഴിലാളി യാനങ്ങളുടെ ഘോഷയാത്രകൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും. ഇന്ന് വൈകീട്ട് 7.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ സംഘാടക സമിതി ഓഫീസ് ബേപ്പൂർ ഹാർബർ എൻജിനിയറിംഗ് ഓഫീസിൽ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കളക്ടറും ബേപ്പൂർ വാട്ടർ ഫെസ്റ്റ് ചെയർമാനുമായ ഡോ.എൻ. തേജ് ലോഹിത് റെഡ്‌ഡി, കൺവീനർ ടൂറിസം ജോയിന്റ് ഡയറക്ടർ പി.ജി .അഭിലാഷ് എന്നിവർ പറഞ്ഞു.