മുക്കം: കുമാരനെല്ലൂർ വില്ലേജ് ഓഫീസർ ഭൂമാഫിയകൾക്ക് ഒത്താശ ചെയ്യുകയും മണ്ണെടുക്കാനും വയൽ നികത്താനും കൂട്ടുനിൽക്കുകയും ചെയ്യുകയാണെന്നാരോപിച്ച് സി.പി.ഐ കാരശ്ശേരി ലോക്കൽ കമ്മിറ്റി വില്ലേജ് ഓഫീസിലേയ്ക്ക് ബഹുജന മാർച്ചും ധർണയും സംഘടിപ്പിച്ചു.വില്ലേജ് ഓഫീസർ ഭൂമാഫിയ ബന്ധം അവസാനിപ്പിക്കുക, അനധികൃത മണ്ണെടുപ്പും വയൽ നികത്തലും തടയുക, പൊതുപ്രവർത്തകരെ അധിക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും നിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്. പൊലീസ് തടഞ്ഞതിനെ തുടർന്ന് ഓഫീസിനു മുന്നിൽ നടത്തിയ ധർണ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ.ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സി.കമ്മിറ്റി അംഗം പി.കെ.കണ്ണൻ, തിരുവമ്പാടി മണ്ഡലം അസി.സെകട്ടറി ടി.ജെ.റോയ്, വി.കെ.അബൂബക്കർ ,ഇ.കെ.വിബീഷ്, അസീസ് കുന്നത്ത്, ടോംസൺ മൈലാടി എന്നിവർ പ്രസംഗിച്ചു. പി.കെ.രതീഷ് സ്വാഗതം പറഞ്ഞു.