കോഴിക്കോട്: മലിനജല സംസ്കരണ പ്ലാന്റ് നിർമ്മിക്കുന്ന കോതിയിൽ നിർമാണ പ്രവൃത്തിക്കെതിരെ പ്രതിഷേധിച്ച നാട്ടുകാരും പൊലീസും ഏറ്റുമുട്ടി. നിർമ്മാണ പ്രവൃത്തി തടസപ്പെടുത്താനെത്തിയ പ്രതിഷേധക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രദേശവാസികളായ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പ്ലാന്റിനായി കണ്ടെത്തിയ സ്ഥലത്ത് ചുറ്റുമതിൽ കെട്ടിയും ചെറിയ നിർമാണങ്ങൾ പൊളിച്ചുനീക്കിയുമുള്ള പ്രവർത്തനങ്ങളാണ് നടന്നിരുന്നത്. 11.30 ഓടെ സിദ്ധിഖ് എം.എൽ.എ പ്രദേശം സന്ദർശിക്കുകയും സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തതോടെ പ്രദേശവാസികൾ തൊഴിലാളികളോട് പ്രവൃത്തി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ചുറ്റുമതിൽ നിർമിക്കാനെത്തിയ തൊഴിലാളികളെ പ്രദേശവാസികൾ തടഞ്ഞു. എം.എൽ.എ മടങ്ങിയശേഷവും പ്രദേശത്ത് സംഘർഷാവസ്ഥ തുടർന്നു. പ്രദേശത്ത് വൻ പൊലീസ് സംഘമാണ് നിലയുറപ്പിച്ചിരുന്നത്.സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസ് അടിച്ചമർത്തുകയാണെന്ന് ജനകീയ പ്രതിരോധ സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി ആരോപിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി കോതിയിൽ പ്രതിഷേധം തുടരുകയാണ്. പ്ലാന്റ് നിർമാണം ആരംഭിച്ചതിന് പിന്നാലെ നാട്ടുകാർ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപ കോർപ്പറേഷൻ സമ്പാദിച്ച അനുകൂല വിധിയിലൂടെ പ്ലാന്റിനായി കണ്ടെത്തിയ സ്ഥലത്ത് ചുറ്റുമതിൽ പണിയാൻ തുടങ്ങിയതോടെയാണ് പ്രതിഷേധമാരംഭിച്ചത്. നഗരപ്രദേശങ്ങളിലെ കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിനായാണ് കോതിയിൽ സംസ്‌കരണ പ്ലാന്റ് ആരംഭിക്കുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും കോർപ്പറേഷന്റെയും സഹകരണത്തിൽ അമൃത് പദ്ധതി വഴിയാണ് മലിനജല സംസ്‌കരണ പദ്ധതി നടപ്പാക്കുന്നത്. ഇത്തരം പദ്ധതികൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലല്ല സ്ഥാപിക്കേണ്ടതെന്നാണ് സമരക്കാരുടെ നിലപാട്.