വടകര: വേദികളിൽ കുട്ടികൾ സർഗ വിസ്മയം തീർക്കുമ്പോൾ ഭക്ഷണപ്പുരയിൽ രുചിക്കൂട്ടുകളുടെ മേളം!. മത്സരാർത്ഥികളും മറ്റുമായി പതിനായിരത്തിനടുത്ത് ആളുകൾക്ക് നാല് നേരങ്ങളിലായി വിഭവങ്ങളൊരുക്കുന്ന മുനിസിപ്പൽ പാർക്ക് റോഡിലുള്ള ഭക്ഷണശാല വിഭവങ്ങളാൽ സമൃദ്ധമാണ്. ശ്രീനാരായണ പബ്ലിക് സ്കൂളിലാണ് ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ചില നേരങ്ങളിൽ നേരിയ തിരക്ക് ഉണ്ടാവുന്നുണ്ടെങ്കിലും എല്ലാവരേയും സ്വീകരിക്കാനുള്ള ക്രമീകരണങ്ങളാണ് സംഘാടകർ സജ്ജമാക്കിയിരിക്കുന്നത്. അദ്ധ്യാപകരും പൊതു പ്രവർത്തകരും അടങ്ങുന്ന വലിയ സംഘമാണ് ഭക്ഷണ കാര്യങ്ങൾ നോക്കുന്നത്.
വടകര നഗരസഭ കൗൺസിലർ ചീരം വീട്ടിൽ അജിതകുമാരി ചെയർപേഴ്സണും എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ വർക്കിംഗ് ചെയർമാനും ടി.കെ.പ്രവീൺ കൺവീനറുമായ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.