വടകര: യു.പി സ്കൂൾ നാടക മത്സരത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ യു.പി വിഭാഗം കുട്ടികൾ അരങ്ങിലെത്തിച്ച 'പുസ്തകങ്ങളുടെ മണം' വേറിട്ട ദൃശ്യാവിഷ്കാരമായി . ഓരോ രംഗവും നിറഞ്ഞ കൈയടിയോടെയാണ് ആസ്വാദകർ
നെഞ്ചേറ്റിയത്. ആദ്യന്തം കുരുന്നുകളുടെ ജീവസ്സുറ്റ അഭിനയ വിരുന്നായി മാറി. സ്വതന്ത്രമായ ചിന്തകൾക്കും അനുഭവങ്ങൾക്കും അവസരം നിഷേധിച്ച് കുട്ടികളെ നിയന്ത്രിക്കാൻ മുതിർന്നവർ ഒരുക്കിവെക്കുന്ന വേലിക്കെട്ടുകളെ നാടകം കണക്കിന് പരിഹസിക്കുന്നുണ്ട്.
ചന്ദ്രമ ആർ എസ്, മിലോവ് എം എ, വേദ വിനോദ്, വൈഗ വിനോദ്, ദ്രുപദ് എസ്, ആരാധ്യ എൻ പി, ആഷ്മിയ പി, ശിവലക്ഷ്മി ബി,
യാഷിൻ റാം സി എം, ഗുരുപ്രണവ് എസ് എന്നീ വിദ്യാർത്ഥികളാണ് വേദിയിലെത്തിയത്. മനോജ് വേദ രചിച്ച നാടകത്തിന് ദൃശ്യവിരുന്നൊരുക്കിയത് പ്രദീപ് മേമുണ്ടയാണ്.
@ കടുകട്ടിയാവണോ നാടകം
വടകര: റവന്യൂ ജില്ലാ കലോത്സവ വേദിയായ അരീനയായ വടകര ടൗൺഹാളിലാണ് മുഴുവൻ നടക മത്സരങ്ങളും നടക്കുന്നത്.
നാളെ ഹൈസ്കൂൾ നാടക മത്സരങ്ങളും 30 ന് ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരവും ഇതേ അരീനയിലാണ് അരങ്ങേറുക.
യു.പി വിഭാഗം മത്സര നാടകങ്ങളിൽ പലതും വലിയ പ്രമേയങ്ങൾ കുരുന്നുകളുടെ ചുമലിൽ വച്ച് അഭിനയിപ്പിക്കുന്നതായി തോന്നലുണ്ടാക്കി. വലിയ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങൾ കുട്ടികളുടെ നാടകമാക്കി മാറ്റുന്നതിന്റെ വിരസത വടകരയിലെ നാടകാസ്വാദകർ പങ്കുവച്ചു.