 
കോഴിക്കോട്: ഡ്രെെവർ നിയന്ത്രിത വാതിലുകൾ (ഓട്ടോമാറ്റിക് ഡോർ) തുറന്ന് വെച്ചുള്ള ബസുകളുടെ ഓട്ടപ്പാച്ചിൽ യാത്രക്കാരെ ഭീഷണിയിലാഴ്ത്തുന്നു. ബസുകളിലെ വാതിലുകൾ പൂർണമായും അടയ്ക്കാതെയാണ് ഉൾപ്രദേശങ്ങളിലടക്കമുള്ള പല ബസുകളും യാത്ര നടത്തുന്നത്. ഇത് അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ്. ഇന്നലെ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ വാതിൽ തനിയെ തുറന്നതാണ് കൊയിലാണ്ടി സ്വദേശിനിയും ആയുർവേദ തെറാപ്പിസ്റ്റായ ഉഷയുടെ മരണത്തിനിടയാക്കിയത്.
യാത്രക്കാരെ കുത്തിഞെരുക്കി കൊണ്ടുപോകാനുള്ള സൗകര്യത്തിനാണ് പലപ്പോഴും ഡോർ അടയ്ക്കാതെയുള്ള ഈ ഓട്ടം. അടുത്തടുത്തുള്ള സ്റ്റോപ്പുകൾ ഉള്ള സ്ഥലങ്ങളിലും ബസുകൾ ഇത്തരത്തിൽ യാത്ര നടത്തുന്നുണ്ട്. ബസുകൾ നിറുത്തുമ്പോൾ ഓട്ടോമാറ്റിക് ഡോറുകൾ തുറക്കാൻ സമയമെടുക്കുന്നതിനാൽ യാത്രക്കാരെ പെട്ടെന്ന് ഇറക്കാനും കയറ്റാനും സാധിക്കില്ല. ഇത് ബസുകളുടെ മത്സര ഓട്ടത്തിനും തടസമാകുന്നു. നിരന്തര ഉപയോഗംമൂലം തകരാർ വരുന്ന ഡോറുകൾ സമയത്ത് അറ്റകുറ്റപ്പണി നടത്താത്തതും വില്ലനാകുന്നുണ്ട്. ചിലപ്പോൾ ഡ്രൈവർമാരുടെ വീഴ്ചയും ഡോർ അടയ്ക്കാതെ പോകുന്നതിന് കാരണമാകും. ചില ബസുകളിലെ ഡോറുകളിൽ കയർകെട്ടി വെച്ചും പകുതി അടച്ചും യാത്ര നടത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിലും ഡോർ തുറുന്നുവെച്ചുള്ള ഓട്ടം പതിവാണ്.
@ ഡ്രൈവർ നിയന്ത്രിത വാതിലുകൾ (ഓട്ടോമാറ്റിക് ഡോർ)
ബസിന്റെ വാതിൽപ്പടികളിൽ നിന്ന് വീണ് യാത്രക്കാർ അപകടത്തിൽപെടുന്നത് തടയാനാണ് മോട്ടോർവാഹനവകുപ്പ് ബസുകളിൽ ഡ്രൈവർ നിയന്ത്രിത വാതിലുകൾ നിർബന്ധമാക്കിയത്. ഡ്രൈവർമാർക്ക് നേരിട്ടുതന്നെ പ്രവർത്തിപ്പിക്കാം. യാത്രക്കാർ ഉൾപ്പെടെ ഡോർ അനാവശ്യമായി തുറക്കുന്നത് തടയാൻ ഓട്ടോമാറ്രിക് ഡോറുകൾക്ക് കഴിയും. ബസിന്റെ ഇടതുവശത്തെ കണ്ണാടികളെ ആശ്രയിച്ചാണ് ഡ്രൈവർമാർ ഡോറുകൾ സുരക്ഷിതമായി അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത്.
@ ഡ്രൈവർക്ക് മാത്രം തുറക്കാം
ഡ്രൈവർക്ക് മാത്രം ഓപ്പറേറ്റ് ചെയ്യാൻ സാധിക്കുന്നതാണ് ബസുകളിലെ ഓട്ടോമാറ്റിക് ഡോറുകൾ.നരിക്കുനി ഒടുപാറയിൽ വാടകയ്ക്ക് താമസിക്കുന്ന കൊയിലാണ്ടി സ്വദേശിനിയും ആയുർവേദ തെറാപ്പിസ്റ്റായ ഉഷയുടെ മരണത്തിനിടയാക്കിയത് ഓട്ടോമാറ്റിക് ഡോറിന്റെ ബട്ടൺ യാത്രക്കാരിലൊരാൾ അറിയാതെ അമർത്തിയതാണെന്നാണ് കണ്ടക്ടറുടെ വിശദീകരണം. എന്നാൽ ഡ്രൈവർക്ക് മാത്രം തുറക്കാൻ സാധിക്കുന്ന വാതിലുകളിൽ രണ്ട് ബട്ടണുകൾ വെച്ച് ഓടുന്നത് നിയമവിരുദ്ധമാണെന്ന് കോഴിക്കോട് ആർ.ടി.ഒ ഓഫീസർ ബിജുമോൻ പറയുന്നു.
''ബസുകളിൽ ഡോറുകൾ തുറന്നുവെച്ചുള്ള ഓട്ടം മൂലമുണ്ടാകുന്ന പരാതികളിൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. ഇന്നലെ ബസിനുള്ളിൽ നിന്ന് സ്ത്രീ തെറിച്ചുവീണ് മരിച്ച സാഹചര്യത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തും. ബസുകളിലെ വാതിലുകൾ പരിശോധിക്കാൻ മാത്രമായി ഒരു സ്‌പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. അവർ അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും.''
ബിജുമോൻ,
ആർ.ടി.ഒ, കോഴിക്കോട്