memunda
ഹൈസ്കൂൾ നാടക മത്സരം മേമുണ്ട എച്ച്.എസ്.എസ്.

വടകര: പെണ്ണിന് കളിക്കളം വരെ നിഷേധിക്കുന്ന മതാന്ധതയ്ക്കെതിരെ ശബ്ദമുയർത്തിയ 'ബൗണ്ടറി' നാടകത്തിന് ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം. റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിർവഹിച്ച നാടകം മേമുണ്ട സ്കൂളിലെ വിദ്യാർത്ഥികളാണ് വേദിയിൽ തകർത്തഭിനയിച്ചത്. പെണ്ണിനു വേണ്ടി നാടകം സ്വരമുയർത്തുമ്പോഴെല്ലാം ടൗൺ ഹാളിൽ നിറഞ്ഞ കൈയടി മുഴങ്ങി. ആർ.എ.സി കടമേരിയുടെ 'വാർത്തകളവസാനിക്കുന്നില്ല' നാടകം എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.

ധീരജ് പുതിയനിരത്തും സുനിൽ കോട്ടേമ്പ്രവും ചിട്ടപ്പെടുത്തിയ നാടകം അത്യാഗ്രഹത്താൽ കെണിയിൽപ്പെടുന്ന മനുഷ്യർക്കു നേരെയുള്ള ആക്ഷേപഹാസ്യമായിരുന്നു. കുറിക്കു കൊള്ളുന്ന തമാശകളുടെ കെട്ടഴിച്ചുവിട്ടപ്പോൾ 'അരീന' കരഘോഷങ്ങളുടെ വേദിയായി.

@ അപ്പീലിലൂടെ നോ അപ്പീൽ

തോടന്നൂർ ഉപജില്ലാ കലോത്സവത്തിലെ മത്സരം കഴിഞ്ഞാണ് മേമുണ്ടയും ആർ.എസിയും ജില്ലാ കലോത്സവത്തിനെത്തുന്നത്.

ഉപജില്ലയിൽ ഒന്നാം സ്ഥാനം ആർ.എ.സി കടമേരിക്കായിരുന്നു. അപ്പീലിലെത്തിയാണ് മേമുണ്ട റവന്യൂ ജില്ലാ കലോത്സവ നാടക മത്സരത്തിൽ ഒന്നാമതെത്തിയത്.രണ്ടാം സ്ഥാനത്തെത്തിയ ആർ.എ.സി കടമേരി അപ്പീലിലൂടെ സംസ്ഥാന മത്സരത്തിനൊരുങ്ങുകയാണ്.