വൈക്കം : വൈക്കത്തഷ്ടമിക്ക് നാളെ രാവിലെ 7.10നും 9.10നും മദ്ധ്യേ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറും. ഉഷ:പൂജ, എതൃത്തപൂജ, പന്തീരടിപൂജ എന്നിവയ്ക്ക് ശേഷം ദക്ഷിണാമൂർത്തിയുടെ ദേവമുദ്ര ആലേഖനം ചെയ്ത കൊടിക്കൂറ ശ്രീകോവിലിൽ നിന്ന് മേൽശാന്തി കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് കൊടിമരച്ചുവട്ടിൽ പ്രത്യേക പൂജകൾക്ക് ശേഷം കൊടിയേറ്റ് .നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും ആലവട്ടവും വെൺചാമരങ്ങളും സ്വർണ്ണക്കുടകളും വാദ്യമേളങ്ങളും സായുധ പൊലീസും അകമ്പടിയേകും. കൊടിയേറ്റിനെ തുടർന്ന് കൊടിമരച്ചുവട്ടിലെ അഷ്ടമി വിളക്കിൽ ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശും കലാമണ്ഡപത്തിൽ നടൻ ജയസൂര്യയും ദീപം തെളിക്കും. അഷ്ടമി വിളക്കിലെ ദീപം ആറാട്ട് വരെ കെടാതെ സൂക്ഷിക്കും.
ക്ഷേത്ര നഗരിയുടെ പന്ത്രണ്ട് ദിനരാത്രങ്ങൾ ഇനി ആഘോഷത്തിന്റേതായിരിക്കും. ദക്ഷിണേന്ത്യയിലെ പേരെടുത്ത കലാകാരന്മാർ നാദശരീരന്റെ സന്നിധിയിൽ സംഗീത, നാട്യ, നടന വിരുന്നൊരുക്കും.7ാം ഉത്സവദിനമായ 12 ന് രാവിലെ 11 ന് ജയറാം നയിക്കുന്ന പഞ്ചാരിമേളം, രാത്രി 11ന് വൈക്കം ഷാജിയുടെ നേതൃത്വത്തിൽ നാഗസ്വരം.
8ാം ഉത്സവദിനമായ 13ന് വൈകിട്ട് 5ന് ചോറ്റാനിക്കര വിജയൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, രാത്രി 10ന് മേജർസെറ്റ് കഥകളി, 9ാം ഉത്സവ ദിനമായ 14ന് വൈകിട്ട് 5.30ന് പെരുവനം കുട്ടൻമാരാർ നയിക്കുന്ന പഞ്ചാരിമേളം,രാത്രി 10ന് മേജർസെറ്റ് കഥകളി, 10ാം ഉത്സവദിനമായ 15 ന് ഉച്ചയ്ക്ക് 12 ന് ചോറ്റാനിക്കര സത്യൻ നാരായണമാരാർ നയിക്കുന്ന ക്ഷേത്രകലാപീഠത്തിന്റെ പഞ്ചവാദ്യം, വൈകിട്ട് 6 ന് വീണവേണു സമന്വയം തുടങ്ങിയവ പ്രധാന പരിപാടികളാണ്. 14 ന് രാവിലെ 8 ന് ക്ഷേത്രത്തിൽ ഗജപൂജ നടക്കും. വൈകിട്ട് 4 ന് നടക്കുന്ന ആനയൂട്ടിന്റെ ഭദ്രദീപ പ്രകാശനം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും.
ആചാരങ്ങളിൽ വേറിട്ട്
പരശുരാമനാൽ കൽപ്പിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന താന്ത്രിക അനുഷ്ഠാനങ്ങളിൽ വ്യതിചലിക്കാത്ത കൃത്യത പുലർത്തുമ്പോഴും മനുഷ്യഗന്ധിയായ ജീവിത മുഹൂർത്തങ്ങൾ ഇഴചേർന്ന സമാനതകളില്ലാത്ത ആചാരങ്ങളാണ് മഹാദേവ ക്ഷേത്രത്തെ വേറിട്ട് നിറുത്തുന്നത്. അഷ്ടമിനാൾ രാത്രിയിലെ അഷ്ടമി വിളക്കിന് താരകാസുരനെ നിഗ്രഹിക്കാൻ പുറപ്പെട്ട മകനും ദേവസേനാപതിയുമായ ഉദയനാപുരത്തപ്പനെ കാത്ത് ആകുലചിത്തനായി, വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ, ആർഭാടങ്ങളില്ലാതെ എഴുന്നള്ളി നിൽക്കുന്ന വൈക്കത്തപ്പനും വിജയശ്രീലാളിതനായി എത്തുന്ന ശ്രീമുരുകനെ വഴി നീളെ നിലവിളക്കുകൾ നിരത്തി, പുഷ്പ വൃഷ്ടിയോടെ ഭക്തജനങ്ങൾ എതിരേൽക്കുന്നതും പിതൃ, പുത്ര സംഗമത്തിന് സാക്ഷിയാകാൻ ദേശത്തെ മറ്റ് ദേവീദേവന്മാർ എഴുന്നള്ളിയെത്തുന്ന അഷ്ടമി വിളക്കും പുത്രനെ യാത്രയയച്ച വൈക്കത്തപ്പന്റെ ദുഖവുമെല്ലാം അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ദേശാധിപതിയായ വൈക്കത്തപ്പൻ തന്റെ അധീനതയിലുള്ള ഭൂവിഭാഗങ്ങൾ സന്ദർശിക്കാൻ ക്ഷേത്രത്തിന് പുറത്തേക്കെഴുന്നള്ളുന്നതാണ് വടക്കുംചേരിമേൽ, തെക്കുംചേരിമേൽ എഴുന്നള്ളത്തുകൾ.
എഴുന്നള്ളത്തിന് തലയെടുപ്പുള്ള ഗജവീരന്മാർ
മഹാദേവന്റെ ആർഭാടപൂർണ്ണമായ എഴുന്നള്ളിപ്പുകളാണ് വൈക്കത്തഷ്ടമിയുടെ മറ്റൊരു സവിശേഷത. തിരുവമ്പാടി ചന്ദ്രശേഖരൻ, മുല്ലയ്ക്കൽ ബാലകൃഷ്ണൻ, മധുരപ്പുറം കണ്ണൻ, തിരുനക്കര ശിവൻ, ചിറയ്ക്കൽ കാളിദാസൻ തുടങ്ങിയ ഗജരാജാക്കൻമാർ എഴുന്നള്ളിപ്പിന് അണിനിരക്കും. എഴുന്നള്ളിപ്പിന് പാറമേക്കാവ് ദേവസ്വത്തിന്റെ ആനച്ചമയമാണ് ഉപയോഗിക്കുക. ഏഴാം ഉത്സവദിനമായ 12ന് രാവിലെ 8ന് ശ്രീബലി, 14ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി, 15 ന് രാത്രി 10 ന് വലിയ വിളക്ക്, 16 ന് വൈകിട്ട് 5 ന് കാഴ്ചശ്രീബലി എന്നീ എഴുന്നള്ളിപ്പുകൾക്ക് സ്വർണ തലേക്കെട്ടും സ്വർണ്ണക്കുടയുമേന്തിയ ഗജവീരൻ തിടമ്പേറ്റും.
കൊടിയേറ്ററിയിപ്പ്
അഷ്ടമിയുടെ കൊടിയേറ്ററിയിപ്പ് ഇന്ന് നടക്കും. ആചാരപ്രകാരം അവകാശിയായ കിഴക്കേടത്ത് ഇല്ലത്ത് ശങ്കരൻ മൂസത് ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്തെഴുന്നള്ളി ഉദയനാപുരം ക്ഷേത്രത്തിൽ കൊടിയേറ്റ് അറിയിക്കും. ഉദയനാപുരം ക്ഷേത്രത്തിലെ പന്തീരടി പൂജക്ക് ശേഷമാണ് മുഹൂർത്ത ചാർത്ത് വായിച്ച് കൊടിയേറ്റ് അറിയിക്കുന്നത്. പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധീകരിച്ച് അയ്യർ കുളങ്ങര കുന്തീദേവി ക്ഷേത്രം, ക്ഷേത്രം ഇണ്ടംതുരുത്തി എന്നിവിടങ്ങളിൽ എത്തി കൊടിയേറ്റ് അറിയിക്കും. അതത് അവസരങ്ങളിലെ ഊരാഴ്മക്കാർ ഉത്സവവിവരം ഔദ്യോ ഗികമായി ക്ഷേത്ര ഉടമസ്ഥരായ മറ്റ് ഊരാണ്മക്കാരെ അറിയിക്കുന്നതാണ് ചടങ്ങ്. വൈക്കത്തഷ്ടമിയുടെ കൊടിയേറ്റ് ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലെ തൃക്കാത്തിക മഹോത്സവത്തിന്റെ കൊടിയേറ്റ് വൈക്കത്തും അറിയിക്കണമെന്നാണ് ആചാരം.
കുലവാഴ പുറപ്പാട്
അഷ്ടമി ഉത്സവത്തിന് മുന്നോടിയായുള്ള കുലവാഴ പുറപ്പാട് ഇന്ന് വൈകിട്ട് 3.30ന് നടക്കും. പടിഞ്ഞാറേ മുറി നീണ്ടൂർ മന ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് വാദ്യമേളം, താലപ്പൊലി, കൊട്ട് കാവടി, എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച് മടിയത്തറ, കൊച്ചുകവല, കച്ചേരികവല, പടിഞ്ഞാറേ നടവഴി എത്തി ദീപാരാധനയ്ക്ക് ശേഷം വടക്കേ ഗോപുര നടയിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കും. തേരോഴി രാമക്കുറുപ്പ്, കീഴൂർ മധുസൂദന കുറുപ്പ് എന്നിവരുടെ പ്രമാണത്തിൽ മേളം ഒരുക്കും. 1634 -ാം നമ്പർ പടിഞ്ഞാറ്റുംചേരി പടിഞ്ഞാറേ മുറി വൈക്കം പത്മനാഭപിള്ള മെമ്മോറിയൽ എൻ.എസ്.എസ് കരയോഗമാണ് ഇക്കുറി കുലവാഴ പുറപ്പാടിന് ആതിഥേയത്വം വഹിക്കുന്നത്. വൈക്കം ടൗൺ സംയുക്ത എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരമ്പരാഗതമായ ചടങ്ങാണ് കുലവാഴ പുറപ്പാട്. 1573ാം നമ്പർ കിഴക്കുംചേരി നടുവിലെ മുറി, 1603ാം നമ്പർ കിഴക്കുംചേരി തെക്കേമുറി, 1634ാം നമ്പർ പടിഞ്ഞാറ്റുംചേരി പടിഞ്ഞാറ്റുമുറി, 1820ാം നമ്പർ പടിഞ്ഞാറ്റുംചേരി തെക്കേമുറി, 1878ാം നമ്പർ കിഴക്കും ചേരി വടക്കേമുറി, 1880ാം നമ്പർ പടിഞ്ഞാറ്റുംചേരി വടക്കേമുറി എന്നീ കരയോഗങ്ങളുടെ നേതൃത്വത്തിലാണ് കുലവാഴ പുറപ്പാട് നടത്തുന്നത്. വടക്കേ ഗോപുരനടയിൽ ദേവസ്വം ഭാരവാഹികൾ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും.