കടുത്തുരുത്തി : ആയാംകുടി മേഖലയിലെ ഇടറോഡുകളടക്കം പൂർണമായി തകർന്നതോടെ യാത്ര ദുഷ്ക്കരമായി. കപിക്കാട്, ആയാംകുടി ആപ്പുഴ റോഡുകളുടെ സ്ഥിതി ദയനീയമാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡുകളാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. പലയിടത്തും പാതാളക്കിടങ്ങുകളാണ്. കല്ലറ - കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ആയാംകുടി ഗവൺമെന്റ് സ്‌കൂൾ വരെയുള്ള പലഭാഗത്തും മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞു. ഉത്തരവാദ ടൂറിസം സെന്റർ ഭാഗമായ ബോട്ടുജെട്ടിയിലേക്കടക്കം നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ഓട്ടം വിളിച്ചാൽ ടാക്‌സി വാഹനങ്ങൾ വരാത്ത സ്ഥിതിയാണ്. കുഴി എങ്കിലും അടച്ച് അപകടം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.