മുണ്ടക്കയം : മണ്ഡലതീർ‌ത്ഥാടനത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ കണ്ണിമല വളവിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തത് ആശങ്കയുണർത്തുന്നു. പൂഞ്ഞാർ - എരുമേലി സംസ്ഥാന പാതയുടെ ഭാഗമായ മുണ്ടക്കയം എരുമേലി റൂട്ടിൽ കണ്ണിമല മഠം പടിയിലായണ് അപകടകരമായ ഹെയർപ്പിൻ വളവ് സ്ഥിതി ചെയ്യുന്നത്. വളവും തിരിവും ഇറക്കവും നിറഞ്ഞ റോഡിൽ ഇറക്കം ആരംഭിക്കുന്ന സ്ഥലത്തും, കണ്ണിമല സ്കൂൾ കവലയിലും അപകട മുന്നറിയിപ്പ് സംവിധാനമുണ്ട്. പക്ഷെ വലിയ തൂണിൽ സ്ഥാപിച്ചിരിക്കുന്ന ചുവപ്പ് വെളിച്ചം പ്രകാശിച്ചിട്ട് ഇപ്പോൾ നാളുകളായി. വൃക്ഷങ്ങളുടെ ശിഖരങ്ങൾ വളർന്ന് ബോർഡ് കാണാൻ കഴിയാത്ത നിലയിലാണ്. എല്ലാ ശബരിമല സീസണിലും നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. ഇത്തവണ തീർത്ഥാടകരുടെ എണ്ണം കൂടുന്നതോടെ വാഹനങ്ങളുടെ ഒഴുക്കായിരിക്കും. അയ്യപ്പഭക്തരുടെ വാഹനം കയറ്റത്തിൽ ബ്രേക്ക് ഡൗൺ ആവുന്നതും നിത്യസംഭവമാണ്. ശബരിമല കാലത്ത് ഇറക്കവും വളവും ആരംഭിക്കുന്ന കട്ടക്കളം ഭാഗത്ത് പൊലീസ് ക്യാമ്പ് ചെയ്ത് വാഹനങ്ങളുടെ വേഗം കുറച്ച് വിടുന്നത് മാത്രമാണ് മുൻകരുതൽ. മഴ ചെയ്ത് കഴിഞ്ഞാൽ ഇരുചക്ര വാഹനങ്ങൾ മറിയുന്നതും പതിവാണ്. വാഹനങ്ങൾ ഇടിച്ചു ക്രാഷ് ബാരിയർ തകരുന്നതും നിത്യസംഭവമാണ്. .