പാലാ : സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ആദ്യഘട്ടം സമാപിച്ച ഇന്നലെ കിടങ്ങൂർ ജനമൈത്രി പൊലീസിന്റെയും പുലിയന്നൂർ ഗായത്രി സെൻട്രൽ സ്‌കൂളിന്റെയും പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. പുലിയന്നൂർ ടി.എച്ച്.എസ്.എസ് സ്‌കൂൾ ജംഗ്ഷൽ നിന്ന് ബ്രില്യന്റ് സ്റ്റഡി സെന്റർ കാമ്പസിലേക്ക് വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്ത ലഹരിവിരുദ്ധ പദയാത്ര നടന്നു. ഗായത്രി സ്‌കൂൾ സെക്രട്ടറി പി.വി. അജയകുമാർ ഫ്ലാഗ് ഒഫ് നിർവഹിച്ചു. തുടർന്നു ചേർന്ന സമ്മേളനത്തിൽ മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവൻ, ആരോഗ്യ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജൻ മുണ്ടമറ്റം, ബ്രില്യന്റ് സ്റ്റഡി സെന്റർ അഡ്മിനിസ്‌ട്രേറ്റർ സോയി പി. ജേക്കബ്, കിടങ്ങൂർ എസ്.എച്ച്.ഒ കെ.ആർ.ബിജു, ഗായത്രി സ്‌കൂൾ പ്രിൻസിപ്പൽ ബി.ജയകുമാർ എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. കിടങ്ങൂർ എസ്.ഐ എം.ജി.ഗോപകുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ജോർജ് തോമസ് ലഹരിവിരുദ്ധ ജ്യോതി തെളിച്ചു. ഗായത്രി സ്‌കൂൾ ട്രഷറർ കെ.എൻ. വാസുദേവൻ നന്ദി പറഞ്ഞു.