നിലംപൊത്താവുന്ന അവസ്ഥയിൽ പുതിയാത്ത് പാലം
കിളിരൂർ : ആളുകൾ ജീവൻ പണയം വെച്ചാണ് പുതിയാത്ത് പാലത്തിലൂടെ മറുകരയെത്തുന്നത്. എപ്പോൾ വേണമെങ്കിലും പാലം നിലംപൊത്താവുന്ന അവസ്ഥ. പാലത്തിന്റെ ഒരു വശത്തെ പടിക്കെട്ട് പൂർണമായും തകർന്നു. എങ്കിലും മറുകരയിലെത്താൻ മറ്റു വഴികളില്ലാത്തതിനാൽ കുട്ടികളുൾപ്പെടെയുള്ളവർ ഈ പാലത്തിലൂടെ സഞ്ചരിക്കുന്നു. തിരുവാർപ്പ് പഞ്ചായത്തിലെ 12, 14 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് പുതിയാത്ത് പാലം. 1998 ഫെബ്രുവരിയിൽ വി.ആർ രാമൻകുട്ടി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് പാലം ഉദ്ഘാടനം ചെയ്തത്. രണ്ട് വർഷങ്ങൾക്ക് മുൻപ് പാലത്തിന്റെ പടിക്കെട്ട് തകർന്നു പാലം ചെരിഞ്ഞു തുടങ്ങി. പ്രദേശവാസികൾ പരാതികളുമായി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡായ 14ലാണ് ഈ ദുരവസ്ഥ.
മാധവശ്ശേരി കോളനിയെയും പുതിയാത്ത് ഭാഗത്തെയും ബന്ധിപ്പിക്കുന്ന പാലത്തിലൂടെ ദിവസേന നൂറിലേറെ കുട്ടികൾ കാഞ്ഞിരം, കിളിരൂർ പ്രദേശങ്ങളിലുള്ള സ്കൂളിലേക്ക് പോകുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളും കർഷകരും ഉൾപ്പെടെ ഒരു ദിവസം മുന്നൂറോളം പേർ പാലത്തിലൂടെ സഞ്ചരിക്കുന്നു. ഇരുമ്പ് കമ്പികൾ വെൽഡ് ചെയ്ത് അതിന് മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇട്ടാണ് പാലം നിർമ്മിച്ചത്. വർഷങ്ങൾക്ക് മുൻപ് സ്ലാബ് പുതുക്കിയിട്ടെങ്കിലും ഇപ്പോൾ പലയിടത്തും കമ്പി തെളിഞ്ഞ നിലയിലാണ്. പാലം തകർന്നാൽ ഒന്നര കിലോമീറ്റർ ചുറ്റി വേണം കിളിരൂരിലേക്കെത്താൻ. കൃഷി ആരംഭിക്കാനിരിക്കെ, നിരവധി പേരുടെ ആശ്രയമായ പാലം അടിയന്തരമായി നവീകരിക്കണമെന്നാണ് ആവശ്യം.
പാലം സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ല. തികച്ചും അവഗണനയാണ്. ഭയത്തോടെയാണ് പാലം കടക്കുന്നത് - സുഗുണൻ (പ്രദേശവാസി)
പടിക്കെട്ട് വെള്ളത്തിലേക്ക് വീണാൽ പാലവും തകരും. കർഷകരും വിദ്യാർത്ഥികളുമാണ് പാലത്തെ കൂടുതലായും ആശ്രയിക്കുന്നത്. നവീകരിക്കാൻ നടപടിയുണ്ടാവണം - ചാക്കോ (പ്രദേശവാസി)