ചിങ്ങവനം : ചിങ്ങവനം ഗോമതിക്കവലയിലെ അശാസ്ത്രീയമായ ഡിവൈഡർ വീണ്ടും ഒരാളുടെ ജീവനെടുത്തു. പരിപ്പ് സ്വദേശി ക്ളിന്റിന്റെ മരണത്തിന് കാരണമായ ഡിവൈഡർ പതിവ് വാഹനാപകടങ്ങളുടെ കേന്ദ്രമാണ്. നിർമ്മാണത്തിലെ അപാകതയാണ് അപകടങ്ങൾക്കിടയാക്കുന്നത്. കോട്ടയം, പന്നിമറ്റം, ചിങ്ങവനം ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ ഒന്ന് നിയന്ത്രണം തെറ്റിയാൽ ഇടിച്ചുകയറുന്നത് ഡിവൈഡറിലേക്കാണ്. കോട്ടയത്തു നിന്നും എത്തുന്ന വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. അതിവേഗത്തിൽ ഇറക്കിമിറങ്ങിയെത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കറോ മുന്നറിയിപ്പ് സിഗ്നലോ ഇല്ല. ഗോമതിക്കവലയിലെ സിഗ്നൽ ലൈറ്റുകൾ തെളിയാതായിട്ട് നാളുകളേറയായി. പരാതികൾ നൽകിയെങ്കിലും അപകടങ്ങൾ കുറയ്ക്കാൻ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
റിഫ്ലക്ടർ സ്ഥാപിച്ചിട്ടും രക്ഷയില്ല
അപകടങ്ങൾ സ്ഥിരമായതോടെ കഴിഞ്ഞ ദിവസമാണ് ഡിവൈഡറിൽ റിഫ്ലക്ടർ സ്ഥാപിച്ചത്. എന്നാൽ ഇതുകൊണ്ടും പ്രയോജനമില്ല. വാഹനങ്ങൾ ഇടിച്ച് ഡിവൈഡറിന്റെ വശങ്ങൾ ഇടിഞ്ഞുകിടക്കുകയാണ്. ഡിവൈഡറിന്റെ വീതി കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ആണ് അപകടങ്ങൾ കുറയ്ക്കാനുള്ള മാർഗം. കെ.എസ്.ടി.പി നിർമ്മിച്ച റോഡ് ദേശീയപാത അതോറിറ്റി ഏറ്റെടുത്തു. എം.സി റോഡിൽ ചിങ്ങവനം മുതൽ പുത്തൻപാലം വരെ അരകിലോമീറ്റർ സ്ഥിരം അപകടമേഖലയാണെന്ന് പൊലീസ് പറയുന്നു.
പരിഹാരമാർഗങ്ങൾ
ഡിവൈഡറിൽ മുന്നറിയിപ്പ് സിഗ്നലുകൾ സ്ഥാപിക്കുക, വീതി കുറയ്ക്കുക.
സിഗ്നൽ ലൈറ്റ് പ്രവർത്തനക്ഷമമാക്കുക
വഴിവിളക്കുകൾ തെളിയണം, സ്പീഡ് ബ്രേക്കിംഗ് സംവിധാനം വേണം
'' പതിവായി ഞാൻ ഈ അപകടങ്ങൾ കാണുന്നതാണ്. രാത്രി അപകട ശബ്ദം കേട്ട് പലതവണ ഞെട്ടി എഴുന്നേറ്റിട്ടുണ്ട്. വഴിവിളക്കെങ്കിലും അത്യാവശമായി തെളിയിക്കണം''
പെണ്ണമ്മ, സമീപവാസി