വൈക്കം : വൈക്കത്തിന്റെ പ്രൗഢ പാരമ്പര്യത്തിന് കിട്ടിയ മഹത്തായ അംഗീകാരമാണ് കേരളത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിൽ മൂന്നെണ്ണം വൈക്കം സ്വദേശികളായ മഹാപ്രതിഭകളെ തേടിയെത്തിയതിലൂടെ ലഭ്യമായതെന്ന് ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടറും വിദ്യാഭ്യാസ പ്രവർത്തകനുമായ പി.ജി.എം നായർ കാരിക്കോട് പറഞ്ഞു. പ്രഥമ കേരള പ്രഭ പുരസ്‌ക്കാര ജേതാവ് നാടകാചാര്യൻ ഓംചേരി എൻ എൻ പിള്ള രക്ഷാധികാരിയായ വൈക്കം ശ്രീമഹാദേവ കോളേജിൽ നടന്ന ആഹ്ലാദ ദിനാചരണവും അനുമോദന സദസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓംചേരി എൻ എൻ പിള്ള ,മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി, ഗാനകോകിലം ഡോ. വൈക്കം വിജയലക്ഷ്മി എന്നിവർക്കാണ് പ്രഥമ കേരള പ്രഭ, കേരളശ്രീ പുരസ്‌ക്കാരങ്ങൾ ലഭിച്ചത്. ആഹ്ലാദസൂചകമായി കാമ്പസിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും മധുരം പങ്കുവച്ചു.

വൈക്കം വിജയലക്ഷ്മിയെ വീട്ടിലെത്തി ആദരിച്ചു. വൈസ് പ്രിൻസിപ്പൽ പി.കെ.നിതിയ, വകുപ്പ് മേധാവികളായ ആര്യ എസ് നായർ, ഐശ്വര്യ എസ്, ധനൂപ് നാരായൺ വർമ്മ, സൂപ്രണ്ട് ശ്രീജ എം.എസ്, ശോണിമ എം, ശ്രീലക്ഷ്മി, ബിച്ചു എസ് നായർ, അനുപ പി നാഥ്, ആഷ ഗിരീഷ്, മഞ്ജിമ ഗോപാൽ, എന്നിവർ പ്രസംഗിച്ചു.